ദില്ലി: നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് നിന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്ക് തിരിച്ചടി. വിയോജന കുറിപ്പ് പരസ്യപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തു. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നായിരുന്നു ലവാസയുടെ നിലപാട്. എന്നാല്‍ ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. 

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ തീരുമാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പിന്തുണച്ചു. 17 -ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണപ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്.  

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങൾ പരിശോധിച്ച ശേഷം കമീഷൻ നൽകിയ ക്ലീൻ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കമീഷൻ അംഗത്തിന്‍റെ വിയോജിപ്പ് മിനുട്സിൽ രേഖപ്പെടുത്താത്തതാണ് കമ്മീഷണർ അശോക് ലവാസയെ പരസ്യ വിമർശനത്തിലെത്തിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘനങ്ങളിൽ നടപടിയെടുത്തില്ലെന്നും ലവാസ  ആരോപിച്ചിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.