ആവേശച്ചൂടിൽ ' ഇന്നസെന്‍റിന് പകരം താങ്കൾക്ക് മത്സരിക്കാമായിരുന്നില്ലേ ചന്ദ്രൻപിള്ള സാറേ' എന്ന് വിളിച്ച് ചോദിക്കാനും മറന്നില്ല ചാലക്കുടിയിലെ പ്രവ‍ർത്തകരിലൊരാൾ

ചാലക്കുടി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേയ്ക്കടുക്കുമ്പോൾ ആവേശത്തിമ‍ർപ്പിലാണ് ചാലക്കുടി. ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ലാസ്റ്റ് ലാപിൽ ച‍ർച്ചയ്ക്കെത്തിയ മൂന്ന് മുന്നണിയിലേയും നേതാക്കളുടെ വാദങ്ങളെല്ലാം പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുത്തു. അങ്കമാലി എംഎൽഎ റോജി എം ജോൺ, സിപിഎം നേതാവ് ചന്ദ്രൻപിള്ള, ബിജെപി നേതാവ് ഉല്ലാസ് കുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

പ്രളയകാലത്തെ പ്രവ‍ർത്തനങ്ങൾ മുതൽ സ്ഥാനാ‍ത്ഥികളുടെ ആരോഗ്യ സ്ഥിതി വരെ ചർച്ചയിൽ വിഷയങ്ങളായി. മാവേലി വരുന്നത് പോലെ മണ്ഡലത്തിൽ വന്നിരുന്ന എംപിയായിരുന്നു ഇന്നസെന്‍റെന്ന് റോജി ആരോപിച്ചപ്പോൾ പ്രളയകാലത്ത് ലോറിയിൽ കയറി ദുരിത ബാധിത‍ർക്കരികിലേക്കെത്തിയ എംപിയായിരുന്നു ചാലക്കുടിയുടേതെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. ലോറിയിൽ കയറേണ്ടവനല്ല, പുനരധിവാസ പ്രവ‍ർത്തനത്തിൽ സജീവമായി ഒപ്പം നിൽക്കേണ്ട ആളാണ് എംപിയെന്നായിരുന്നു ഉല്ലാസ് കുമാറിന്‍റെ വാദം. 

ഉയ‍ർന്ന് വന്ന ഓരോ വാദമുഖങ്ങൾക്കും ആ‍ർപ്പുവിളിയോടെ പാർട്ടി പ്രവ‍ർത്തകരും പിന്തുണ നൽകി. ആവേശച്ചൂടിൽ ' ഇന്നസെന്‍റിന് പകരം താങ്കൾക്ക് മത്സരിക്കാമായിരുന്നില്ലേ ചന്ദ്രൻപിള്ള സാറേ' എന്ന് വിളിച്ച് ചോദിക്കാനും മറന്നില്ല ചാലക്കുടിയിലെ പ്രവ‍ർത്തകരിലൊരാൾ.