രാഷ്ട്രീയക്കാരെ 'ചാക്കിട്ടുപിടിക്കാനുള്ള' ജ്യോതിഷികളുടെ ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന് തീരെ ബോധിച്ചില്ല. അതിന് കാരണമായതോ പരസ്യബോര്‍ഡിലെ കൈപ്പത്തി ചിഹ്നവും

ബംഗളൂരു: തെരഞ്ഞെടുപ്പ് കാലമായാല്‍ ജ്യോതിഷികള്‍ക്ക് ചാകരക്കാലമാണെന്നാണ് പൊതുവേ പറയാറുള്ളത്. തെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് ജയമോ പരാജയമോ എന്നറിയാനും ദോഷപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാനും സ്ഥാനാര്‍ഥികളും രാഷ്ട്രീയക്കാരുമൊക്കെ ജ്യോതിഷികളെത്തേടി പരക്കം പായാറുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ ജ്യോതിഷികള്‍ തങ്ങളുടെ പരസ്യബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചത്. 

പക്ഷേ, രാഷ്ട്രീയക്കാരെ 'ചാക്കിട്ടുപിടിക്കാനുള്ള' ജ്യോതിഷികളുടെ ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന് തീരെ ബോധിച്ചില്ല. അതിന് കാരണമായതോ പരസ്യബോര്‍ഡിലെ കൈപ്പത്തി ചിഹ്നവും. കോണ്‍ഗ്രസിന്‍റെ ചിഹ്നമാണ് കൈപ്പത്തി എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരസ്യബോര്‍ഡിലെ ചിത്രങ്ങള്‍ പത്രങ്ങള്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ ഭാഗമാകുമെന്നും വോട്ടര്‍മാരെ അത് സ്വാധീനിക്കും എന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 

പെരുമാറ്റച്ചട്ടത്തിന്‍റെ പേര് പറഞ്ഞ് തങ്ങളുടെ തൊഴിലിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈകടത്തല്‍ നോക്കിനില്‍ക്കാനേ ജ്യോതിഷികള്‍ക്കായുള്ളു എന്നാണ് മാണ്ഡ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഏപ്രില്‍ 18, 23 തീയതികളിലാണ് കര്‍ണാടകയില്‍ പൊതുതെരഞ്ഞടുപ്പ്. അത് കഴിയാതെ ഇനി ബോര്‍ഡിലെ കൈപ്പത്തി പരസ്യപ്പെടുത്താന്‍ കഴിയില്ല. മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്ന ജ്യോതിഷികള്‍ തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ഭാവി ഇങ്ങനെയാകുമെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ലെന്നാണ് മാണ്ഡ്യയില്‍ നിന്നുള്ള ജനസംസാരം!