ഈസ്റ്റ് ദില്ലിയില്‍ ഗൗതം ഗംഭീര്‍ മത്സരത്തിനെത്തിയതോടെ മണ്ഡലത്തില്‍ ത്രികോണ പോരിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ദില്ലിയിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ആതിഷി മർലേനയാണ് ഈസ്റ്റ് ദില്ലിയിലെ ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി

ദില്ലി: ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറി ബിജെപിയില്‍ ചേര്‍ന്ന് ഈസ്റ്റ് ദില്ലിയില്‍ ഗൗതം ഗംഭീര്‍ മത്സരത്തിനെത്തിയതോടെ മണ്ഡലത്തില്‍ ത്രികോണ പോരിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ദില്ലിയിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ആതിഷി മർലേനയാണ് ഈസ്റ്റ് ദില്ലിയിലെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി.

അരവിന്ദർ സിങ്ങ് ലവ്‍ലിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഗംഭീറിന് കാര്യങ്ങള്‍ ഒന്നും അത്ര പന്തിയല്ല. ആദ്യം ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി.

അതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. കമ്മീഷന്‍റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലജ്പത് നഗറില്‍ കമ്മീഷന്‍റെ അനുവാദമില്ലാതെ ഗംഭീര്‍ യോഗവും റാലിയും സംഘടിപ്പിച്ചതിനാണ് പരാതി വന്നത്. ഇതോടെ ഗംഭീറിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദില്ലിയിലെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി ആതിഷി മർലേന. ഈ രണ്ട് വിഷയങ്ങളും എടുത്ത് പറഞ്ഞ ശേഷം നിയമം അറിയില്ലെങ്കില്‍ എന്തിനാണ് കളിക്കാനിറങ്ങുന്നതെന്ന ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്. 

Scroll to load tweet…