അലിയെയും ബജ്റംഗ് ബലിയെയും വേണം, പക്ഷെ 'അനാർക്കലി'യെ വേണ്ടെന്ന് ജയപ്രദയെ പരാമർശിച്ച് അബ്ദുള്ള പറഞ്ഞു. 

ദില്ലി: നടിയും ഉത്തർപ്രദേശിലെ രാംപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ ജയപ്രദക്കെതിരെ അധിക്ഷേപ പരാമർശവുമായി സമാജ്‍വാദി പാർട്ടി നേതാവ് അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാൻ. അലിയെയും ബജ്റംഗ് ബലിയെയും വേണം, പക്ഷെ 'അനാർക്കലി'യെ വേണ്ടെന്ന് ജയപ്രദയെ പരാമർശിച്ച് അബ്ദുള്ള പറഞ്ഞു. ബിജെപിക്ക് അലിയെ വേണ്ട, ബജ്റംഗ് ബലിയെ മതിയെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അബ്ദുള്ള.

'ഞാനാണ് ജയപ്രദയെ രാംപൂരിൽ കൊണ്ടുവന്നത്. അവരുടെ ശരീരത്തിൽ തൊടാൻ ഞാൻ ആരേയും അനുവദിച്ചിട്ടില്ലെന്നതിന് നിങ്ങൾ സാക്ഷിയാണ്. അവരുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്നതിന് നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടി വന്നു. പക്ഷെ വെറും 17 ദിവസം കൊണ്ട് എനിക്ക് മനസ്സിലായി അവർ കാക്കി അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന്', രാംപൂരില്‍വച്ച് നടന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അബ്ദുള്ള പറഞ്ഞു. 

ജയപ്ര​ദയെ ആട്ടകാരിയെന്നും അബ്ദുള്ള പരാമർശിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു കറയായിരിക്കും അതെന്നും അബ്ദുള്ള പറഞ്ഞു. മു​ഗൾ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തിലെ ദാസിയാണ് അനാർക്കലി. മകൻ ജഹാം​ഗീറുമായി പ്രണയത്തിലായതിനെ തുടർന്ന് അനാർക്കലിയെ അക്ബർ ശിക്ഷിച്ചിരുന്നു.

Scroll to load tweet…

ജയപ്രദക്കെതിരായ മോശം പരാമർശം നടത്തിയതിനെ തുടർന്ന് അബ്ദുള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. 72 മണിക്കൂറാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം, അബ്ദുള്ള അസം ഖാന്റെ അനാർക്കലി പരാമർശത്തിൽ പ്രതികരിച്ച് ജയപ്രദ ​രം​ഗത്തെത്തി. അബ്ദുള്ള അച്ഛന്റെ മകൻ തന്നെയെന്ന് ജയപ്രദ പറഞ്ഞു. വിദ്യാഭ്യമുള്ളതിനാൽ അച്ഛനെക്കാളും മിടുക്കനായിരിക്കുമെന്ന് വിചാരിച്ചു. എന്നാൽ അബ്ദുള്ളയും പിതാവ് അസം ഖാനെ പോലെതന്നെയാണ്. അസം ഖാന്റെ കുടുംബത്തിന് സ്ത്രീകളോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണമെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ജയപ്രദക്കെതിരെ 'കാക്കി അടിവസ്ത്ര' പരാമര്‍ശം നടത്തിയതിന് അസം ഖാനെതിരെ കേസെടുക്കുകയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അദ്ദേഹത്തിന് മൂന്ന് ദിവസത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അസം ഖാൻ മത്സരിക്കുന്നത് തടയുമെന്ന് ജയപ്രദ പ്രഖ്യാപിച്ചിരുന്നു.