തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ എൻ ഡി എ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാൽ സീറ്റ് ഏറ്റെടുക്കാനുള്ള ബി ജെ പി നീക്കത്തിനിടെയാണ് ബി ഡി ജെ എസിന്‍റെ പുതിയ നീക്കം. ഇതില്‍ അന്തിമതീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുഴുവൻ സീറ്റിലേക്കും സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിച്ചിട്ടും ബി ഡി ജെ എസിന്‍റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകുന്നതിനും രാഹുലിന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധമുണ്ട് എന്നാണ് സൂചന. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ബി ഡി ജെ എസിന് നൽകിയ ആ സീറ്റ് ഏറ്റെടുക്കണമെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

Also Read: രാഹുല്‍ ഗാന്ധി വയനാട് എത്തിയാല്‍ മത്സരത്തിന് ബിജെപിയും

എന്നാൽ തൃശൂർ ഉറപ്പിച്ച തുഷാറിനെ രാഹുൽ വന്നാൽ വയനാട്ടിലേക്ക് മാറ്റിയാലോ എന്ന ബദൽ നിർദ്ദേശം ബി ഡി ജെ എസ് മുന്നോട്ട് വെക്കുന്നു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തുഷാർ വെള്ളാപ്പള്ളി ഈ നിർദ്ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

Also Read: വയനാട് സീറ്റ് വിട്ടുതരില്ല; ബിജെപിക്കെതിരെ ബിഡിജെഎസ്

അതേസമയം, പാർട്ടിയുടെ ഒരു ദേശീയ നേതാവ് വരണമെന്നാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്‍റെ ആഗ്രഹം. ആലത്തൂരിൽ ടി വി ബാബു, ഇടുക്കിയിൽ ബിജു കൃഷ്ണൻ മാവേലിക്കരയിൽ തഴവ സഹദേവൻ എന്നിവർ ബി ഡി ജെ എസ് സ്ഥാനാർത്ഥികളാകുമെന്ന് ഉറപ്പിച്ചു. അതിനിടെ സംസ്ഥാനത്ത് പല സീറ്റുകളിലും ജയസാധ്യതയുണ്ടെന്ന് തലസ്ഥാനത്ത് ചേർന്ന ബി ജെ പി കോർ കമ്മിറ്റി വിലയിരുത്തി. 30 നകം മണ്ഡലം കൺവെൻഷനുകൾ തീർക്കാനാണ് തീരുമാനം. ശബരിമല തന്നെ പ്രധാന പ്രചാരണവിഷയമാക്കണമെന്നും യോഗത്തിൽ ധാരണയുണ്ട്.

എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന്; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും