ചാലക്കുടി: 2014ല്‍  കോണ്‍ഗ്രസിലെ അതികായനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്‍റ് പിടിച്ചെടുത്ത ചാലക്കുടി മണ്ഡലം വീണ്ടും യുഡിഎഫിന് അനുകൂലമാകുകയാണ്. 18.26 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 24271 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫിന്‍റെ ബെന്നി ബെഹനാന്‍. 60276 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് നേടിയിരിക്കുന്നത്. 90046 വോട്ടുകളാണ് ഇതുവരെ ബെന്നി ബെഹനാന് ലഭിച്ചിരിക്കുന്നത്. 

ചാലക്കുടിയിൽ വോട്ടിനെ സ്വാധീനിച്ചത് പ്രളയവും പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമാണ്. മണ്ഡലത്തിലെ പ്രളയ ബാധിത മേഖലകൾ ഇടതിനെ കൈവിട്ടു. പ്രചാരണത്തിൽ ഇന്നസെന്‍റിനെതിരെ  യുഡിഎഫിന്‍റെ ഏറ്റവും ശക്തമായ ആരോപണം പ്രളയത്തിൽ മണ്ഡലത്തിൽ എത്തിയില്ല എന്നതായിരുന്നു. കൊടുങ്ങല്ലൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങൾ ബെന്നി ബെഹനാന് അനുകൂലമായി വിധിയെഴുതി. ഇനി എണ്ണാൻ  ഉള്ളതും പ്രളയ ബാധിത മേഖലകളാണ് എന്നിരിക്കെ യുഡിഎഫിന്‍റെ വിജയവും എല്‍ഡിഎഫിന്‍റെ പരാജയവും ഏകദേശം ഉറപ്പായിരിക്കുകയാണ്.  

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി പോരുകയാണ് ബെന്നി ബെഹനാന്‍. ലീഡ് മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായതോടെ വീട്ടിൽ പ്രവർത്തകരോടൊപ്പം ആഹ്ളാദത്തിലാണ് ബെന്നി ബെഹനാന്‍. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം പരിധി.