Asianet News MalayalamAsianet News Malayalam

കശ്മീർ,അയോധ്യ, പ്രഗ്യ; വിവാദ വിഷയങ്ങളിൽ ബിജെപി വിരുദ്ധ നിലപാടുകളുമായി നിതീഷ് കുമാർ

വിവാദ വിഷയങ്ങളിൽ പലതിലും ബിജെപി വിരുദ്ധ നിലപാട് പരസ്യമായി പറഞ്ഞുവെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് നിതീഷ് കുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

bihar cm nithish kumar clear his stands on different  controversial topics
Author
Patna, First Published May 19, 2019, 1:11 PM IST

പട്‍ന: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിക്കവെ വിവിധ വിഷയങ്ങളിൽ ബിജെപി വിരുദ്ധ നിലപാടുകൾ വ്യക്തമാക്കി എൻഡിഎ ഘടക കക്ഷി നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‍കുമാർ. 

അയോധ്യ വിഷയത്തിലും ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയുടെ കാര്യത്തിലും ബിജെപിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയ നിതീഷ് കുമാർ, ഗോഡ്സെ അനുകൂല പരാമർശം നടത്തിയ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങിനെയും രൂക്ഷമായി വിമർശിച്ചു. ബീഹാറിലെ പട്‍ന മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് നിതീഷ് കുമാർ നിലപാട് വ്യക്തമാക്കിയത്.

മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങിന്‍റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.  ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം വാക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല..  ഗാന്ധി ഘാതകനെ പരസ്യമായി ദേശസ്നേഹിയെന്ന് വിളിച്ച പ്രഗ്യക്കെതിരെ നടപടിയെടുക്കാൻ ബിജെപി തയ്യാറാകണമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

ജമ്മുകശ്മിരിന്‍റെ പ്രത്യേക പദവി വിഷയത്തിൽ ബിജെപിയുടെ പ്രഖ്യാപിത നിലപാടല്ല ജെഡിയുവിനെന്നും നിതീഷ് കുമാർ വ്യക്തമാക്കി. അധികാരത്തിലേറിയാൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ, 370 എന്നിവ എടുത്തു കളയുമെന്ന് ബിജെപി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ജമ്മു കശ്മിരിന്‍റെ പ്രത്യേക പദവി എടുത്തു കളയാനുള്ള തീരുമാനം ആത്മഹത്യാ പരമാണെന്നും അത് കൂടുതൽ സംഘർഷങ്ങൾക്ക്  കാരണമാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.

ജമ്മു കശ്മീർ വിഷയത്തിൽ 1996 മുതൽ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.  ജമ്മു കശ്മീരിന്‍റെ പ്രത്യേ പദവി എടുത്തു കളയാനുള്ള തീരുമാനം രാജ്യ സുരക്ഷയ്ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണെന്നും നിതീഷ് കുമാർ ആവർത്തിച്ചു.

രാജ്യത്തെ മറ്റൊരു വിവാദ വിഷമായ അയോധ്യ തർക്കത്തിൽ കോടതി ഇടപെടലിലൂടെ പരിഹാരം കണ്ടെത്തണമെന്നും നിതീഷ് കുമാർ പറഞ്ഞു. അയോധ്യ വിഷയത്തിൽ കോടതി വഴിയുള്ള മധ്യസ്ഥ ശ്രമങ്ങളോട്  ബിജെപി നേതാക്കൾ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് നിതീഷ് കുമാർ ഇത്തരമൊരു നിലപാട് വ്യക്തമാക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

കടുത്ത ചൂടിനിടെ ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെയും നീതീഷ് കുമാർ വിമർശിച്ചു. അടുത്ത തവണ ഒന്നോ രണ്ടോ ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയാകുന്ന തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.

വിവാദ വിഷയങ്ങളിൽ പലതിലും ബിജെപി വിരുദ്ധ നിലപാട് പരസ്യമായി പറഞ്ഞുവെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് നിതീഷ് കുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios