പാട്‍ന: ഭോപ്പാലിലെ ബിജെപി  സ്ഥാനാ‍ർത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവനകളിൽ ബിജെപിക്ക്  മുന്നറിയിപ്പുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ്‍കുമാർ.  പ്രഗ്യാ സിങ് താക്കൂറിനെ പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്താവന വലിയ വിവാദായിരുന്നു. പ്രസ്താവനക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെ പ്രഗ്യാ സിങിനെ ബിജെപി തള്ളിപ്പറഞ്ഞു. ഒടുവിൽ വിവാദത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ പ്രഗ്യാ സിങ്,  മാധ്യമങ്ങൾ തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിശദീകരണമായി പറഞ്ഞത്.

പ്രഗ്യാ സിങിനോടും ഗോഡ്സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ മറ്റു നേതാക്കളോടും ബിജെപി വിശദീകരണം തേടിയിരിക്കുകയാണ്. വിവാദ പ്രസ്താവനകൾ നടത്തിയ അനന്ദ് കുമാര്‍ ഹെഗ്ഡേ, നളിന്‍ കട്ടീല്‍ എന്നിവരും പ്രഗ്യാ സിങും പാർട്ടിയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ 10 ദിവസത്തിനകം റിപ്പോ‍ർട്ട് സമർപ്പിക്കണം. സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കവെയാണ് എൻഡിഎ ഘടകകക്ഷി നേതാക്കളിൽ പ്രമുഖനായ നിതീഷ് കുമാ‍‍‍ർ ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.മെയ് 23നാണ് വോട്ടെണ്ണൽ.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.