Asianet News MalayalamAsianet News Malayalam

'കള്ളന്മാര്‍ക്കെല്ലാം പേര് മോദി' പരാമര്‍ശം; രാഹുൽ ഗാന്ധിക്ക് സമൻസ്

ബീഹാറിലെ പട്ന സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. സുശീൽ കുമാർ മോദി ഫയൽ ചെയ്ത അപകീർത്തി കേസിലാണ് നടപടി. മെയ്‌ ഇരുപതിനകം രാഹുൽ ഹാജരാകണം.

Bihar court summons Rahul Gandhi in defamation case
Author
Delhi, First Published Apr 27, 2019, 7:05 PM IST

ദില്ലി: മോദി എന്ന പേരുള്ളവരെല്ലാം കള്ളൻമാരാണെന്ന പരാമര്‍ശത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് പട്ന സിജെഎം കോടതി സമൻസ് അയച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. 

കേസിൽ അടുത്ത മാസം ഇരുപതിനകം ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിക്ക് പട്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. പ്രസംഗത്തിന്‍റെ സി ഡി പകര്‍പ്പ് കഴിഞ്ഞ ദിവസം സുശീൽ കുമാര്‍ മോദി കോടതിയിൽ ഹാജാരാക്കി. ഇത് കണ്ടശേഷമാണ് ഹാജരാകാൻ രാഹുലിനോട് കോടതി ആവശ്യപ്പെട്ടത്.

ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. കാവൽക്കാരാൻ കള്ളനെന്ന് കോടതി പറഞ്ഞെന്ന പരാമര്‍ശത്തിൽ സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios