സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത്  തൃശൂരിൻറെ ഭാഗ്യമാണെന്ന് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോൻ പറഞ്ഞു. 

തൃശ്ശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി സിനിമാരംഗത്തെ സുഹൃത്തുകള്‍. സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന്‍ സന്തോഷ്, യദു കൃഷ്ണന്‍, ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവരാണ് താരത്തിന് വോട്ടു തേടി പൊതുവേദിയിലെത്തിയത്.

തൃശൂര്‍ ലുലു കണ്‍വെൻഷൻ സെൻററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് സിനിമാ രംഗത്തെ നിരവധി പേര്‍ സഹപ്രവര്‍ത്തകന് വിജയാശംസകള്‍ നേരാനെത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിൻറെ ഭാഗ്യമാണെന്ന് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോൻ പറഞ്ഞു. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്‍റെ ജനപ്രതിനിധിയായാല്‍ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്‍റെ നഷ്ടമാണെന്നായിരുന്നു നിര്‍മ്മാതാവ് സുരേഷ് കുമാറിൻറെ അഭിപ്രായം. തിരുവനന്തപുരത്തെ ഒരുപാട് മനുഷ്യരെ സഹായിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പത്നി രാധിക എന്നിവരടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.