തിരുവനന്തപുരം: ബിജെപിയുടെ പ്രകടനപത്രിക ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നത് വെറും സങ്കല്‍പ്പങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഈ സങ്കല്‍പ്പങ്ങളോട് ജനങ്ങള്‍ യോചിക്കുമോ എന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചു. 

കാശ്മീരിലെ 370 ാം വകുപ്പ് എടുത്ത് കളയും, രാമക്ഷേത്രം പണിയും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും തുടങ്ങിയ കാര്യങ്ങള്‍ അവര്‍ പത്രികയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനപ്പുറത്തേക്ക് ജനങ്ങളുടെ ദാരിദ്ര്യത്തെയോ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെയോ പത്രിക അഭിമുഖീകരിക്കുന്നില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. എല്ലാം തെരഞ്ഞെടുപ്പ് കാലത്ത് നല്‍കുന്ന വാഗ്ദാനമായി അവസാനിക്കുമെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പാക്കാനുള്ളതല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഒരുപാട് മുന്നോരുക്കങ്ങളാണ് നടത്തിയതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയത് രണ്ട് നിര്‍ദ്ദേശങ്ങളാണ്. ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദമായി മാറണമെന്നായിരുന്നു ആദ്യത്തെ നിര്‍ദ്ദേശം. സത്യസന്ധമായ കാര്യങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ വരാന്‍ പാടുള്ളൂ എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് രാജ്യത്തെ വിവിധ തലങ്ങളിലുള്ള മനുഷ്യരുമായി സംവദിച്ചാണ് മാനിഫെസ്റ്റോ തയ്യാറാക്കിയതെന്നും ബിന്ദു കൃഷ്ണ ന്യൂസ് അവറില്‍ വ്യക്തമാക്കി.