ദില്ലി: പിഎം മോദി സിനിമക്ക് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബാഗിനി എന്ന സിനിമയും വിവാദത്തിൽ. സിനിമയുടെ റിലീസ് തടയണമെന്ന് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

'ബാഗിനി: ബംഗാള്‍ ടൈഗ്രസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പായി പുനഃപരിശോധിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. മെയ് മൂന്നിന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ നീക്കം. സിനിമയെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാൻ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നേരത്തെ ചിത്രത്തിനെതിരെ സി പി ഐ എമ്മും പരാതി നല്‍കിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സി പി ഐ എം ആവശ്യപ്പെട്ടത്. 

അതേസമയം, ചിത്രം മമതാ ബാനര്‍ജിയുടെ ജീവചരിത്രമല്ലെന്നും അവരില്‍ പ്രചോദനമുള്‍ക്കൊണ്ടാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞു. റുമ ചക്രബൊര്‍ത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ സിനിമകളുടെ നിരതന്നെ സമീപകാലത്ത് പുറത്തിറങ്ങി. ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍, താക്കറെ, യാത്ര, എന്‍ടിആര്‍ തുടങ്ങിയ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്രമോദി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു.