ന്യൂഡല്‍ഹി: രാജ്യമെങ്ങും തെരഞ്ഞെടുപ്പ്‌ ചൂട്‌ കത്തിപ്പടരുകയാണ്‌. അതിനിടെ പരസ്‌പരം പ്രകടനപത്രികകള്‍ കത്തിച്ച്‌ രാഷ്ട്രീയയുദ്ധം ശക്തമാക്കുകയാണ്‌ ബിജെപിയും ആം ആദ്‌മി പാര്‍ട്ടിയും. ഡല്‍ഹിക്ക്‌ പൂര്‍ണ സംസ്ഥാന പദവിയെന്ന ബിജെപി വാഗ്‌ദാനം ഇനിയും യാഥാര്‍ത്ഥ്യമാകാത്തതിലാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ രോഷം. തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ പാലിക്കാതെ അരവിന്ദ്‌ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ്‌ ബിജെപിയുടെ ആരോപണം.

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ 2014 ലെ പ്രകടനപത്രിക കത്തിച്ചുകൊണ്ടുള്ള ആം ആദ്‌മിയുടെ പ്രതിഷേധം. ഡല്‍ഹിയുടെ സംസ്ഥാനപദവിയെക്കുറിച്ച്‌ പ്രകടനപത്രികയിലുള്ള വാഗ്‌ദാനം പ്രവര്‍ത്തകരെ വായിച്ചു കേള്‍പ്പിച്ച ശേഷമായിരുന്നു കത്തിക്കല്‍. ഡല്‍ഹി പൂര്‍ണ സംസ്ഥാനമാകാതെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ്‌ അരവിന്ദ്‌ കെജ്രിവാളിന്റെ നിലപാട്‌. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്‌തു. ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ തന്റെ ജീവന്‍ ബലികഴിക്കാന്‍ വരെ തയ്യാറാണെന്നും കെജ്രിവാള്‍ പറയുന്നു.

ഡല്‍ഹിക്ക്‌ സംസ്ഥാനപദവിയെന്ന വാഗ്‌ദാനം ഇപ്പോള്‍ പ്രകടനപത്രികയുടെ ഭാഗമല്ലെന്ന്‌ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ്‌ തിവാരി അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ 2014 ജനുവരിയില്‍ റെയില്‍ ഭവന് സമീപം നടത്തിയ ധര്‍ണയാണ്‌ അതിന് കാരണമായി തിവാരി ചൂണ്ടിക്കാട്ടിയത്‌. പ്രധാനമന്ത്രിയെ തടയാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ അംഗീകരിക്കാനാകുമെന്നും അതുകൊണ്ട്‌ തന്നെ സംസ്ഥാനപദവിയെന്ന ആവശ്യം നിരാകരിക്കുകയാണെന്നുമായിരുന്നു തിവാരിയുടെ വാക്കുകള്‍. ഇതിനോട്‌ കെജ്രിവാള്‍ പ്രതികരിച്ചത്‌ ഡല്‍ഹി തിവാരിയുടെ പിതാവിന്റെ വകയാണോയെന്ന ചോദ്യമുന്നയിച്ചുകൊണ്ടായിരുന്നു. സംസ്ഥാന പദവി തട്ടിപ്പറിച്ചെടുക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളെ പ്രേരിപ്പിക്കരുതെന്നും കെജ്രിവാള്‍ മുന്നറിയിപ്പ്‌ നല്‌കി. 

മുഖ്യമന്ത്രിയെന്ന നിലയിലുള്ള പരാജയമാണ്‌ കെജ്രിവാളിന്റെ അസന്തുഷ്ടിക്ക്‌ കാരണമെന്നും അതുകൊണ്ടാണ്‌ തന്നെ ഇത്തരത്തില്‍ കടന്നാക്രമിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നും തിവാരി മറുപടിയും നല്‍കി. ഈ സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന്‌ ആരോപിച്ച്‌ ബിജെപി ആം ആദ്‌മി പാര്‍ട്ടിയുടെ പ്രകടനപത്രിക കത്തിച്ചത്‌. ജനങ്ങളെ വഞ്ചിച്ച ആം ആദ്‌മി പാര്‍ട്ടിയുടെ കപടമുഖം തുറന്നുകാട്ടുന്നതിനാണ്‌ ഈ പ്രതിഷേധം എന്നാണ് പരിപാടിക്ക്‌ നേതൃത്വം നല്‍കി കേന്ദ്രമന്ത്രി വിജയ്‌ ഗോയല്‍ അഭിപ്രായപ്പെട്ടത്‌.