കൊൽക്കത്ത: ​ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സ്ഥാനാർത്ഥിയോട് വിശദീകരണം തേടി ബിജെപി നേതൃത്വം. ബീർബമ്മിലെ തൃണമൂൽ കോൺ​ഗ്രസ് നേതാവായ അനുഭരത മോണ്ഡലിനൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം ചെലവഴിക്കുകയും ചെയ്ത ജവാദ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അനുപം ഹസ്രയോടാണ് പാർട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.  ഇത് സംബന്ധിച്ച് അനുപം ഹസ്രയ്ക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.  

40 തൃണമൂൽ എംഎൽഎമാർ താനുമായി ബന്ധപ്പെടുന്നുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന മേയ് 23-ന് മമതയെ തളളി ഇവർ ബിജെപിയിലെത്തുമെന്നും ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ നേതാവുമായുള്ള അനുപമിന്റെ കൂടിക്കാഴ്ച്ച.     
 
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ജനുവരിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ എംപിയാണ് അനുപം ഹസ്ര. തൃണമൂൽ വിട്ടതിനുശേഷം അനുപം ബിജെപിയില്‍ ചേരുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച എംപിയാണ് അനുപം. സാമൂഹികമാധ്യമങ്ങളിൽ പാർട്ടിക്കെതിരേ തുടർച്ചയായി ആക്ഷേപങ്ങളുയർത്തി‍യതിനെ തുടർന്നാണ് പുറത്താക്കൽ നടപടി. നേരത്തേ മമതയുടെ വിശ്വസ്തനായിരുന്നു.      

മുമ്പ് പ്രവർത്തിച്ച പാർട്ടിയിലെ നേതാവായ അനുഭരത മോണ്ഡലുമായി അനുപം ഹസ്ര കൂടിക്കാഴ്ച്ച നടത്തിയത് തിരിച്ച് തൃണമൂലിൽ തന്നെ പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണോ എന്ന സംശയത്തിലാണ് ബിജെപി. ഇതിന്റെ ഭാ​ഗമായാണ് പാർട്ടി അനുപമിന് നോട്ടീസ് അയച്ചത്.

അതേസമയം, ബിജെപിയുടെ കത്തിൽ വിശ​ദീകരണവുമായി അനുപം രം​ഗത്തെത്തി. ബീർബം ജില്ലയിലെ അവസാന വാക്കാണ് അനുഭരത മോണ്ഡൽ. അദ്ദേഹത്തിന്റെ മാതാപിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതിനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നും ഉച്ചക്ഷഭണം കഴിച്ചതെന്നും അനുപം പറഞ്ഞു. അനുഭരത തനിക്ക് അമ്മാവനെ പോലെയാണ്. തൃണമൂലിലേക്ക് തിരിച്ച് പോകാനുള്ള ഒരു സാധ്യതയുമില്ല.എല്ലാം കാലം തീരുമാനിക്കുമെന്നും അനുപം കൂട്ടിച്ചേർത്തു.