കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിക്കെതിരെ ബിജെപി പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമുയർത്തിയതിന് പിന്നാലെ പ്രചാരണത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ ആർഎസ്എസ് തീരുമാനിച്ചു. ഞായറാഴ്ച രാത്രി വൈകി ചേർന്ന ആർഎസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. ആർഎസ്എസ്സിന്‍റെ നോമിനിയായിട്ടാണ് രവീശ തന്ത്രി എൻഡിഎ സ്ഥാനാർത്ഥിയായത്. എന്നാൽ നിഷ്പക്ഷ ഇമേജുള്ള വേറെ ആരെങ്കിലും സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ താത്പര്യം. ഇത് മറികടന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തിന്‍റെ പിന്തുണയോടെ തന്ത്രിയെ കളത്തിലിറക്കിയത്.

വീഴ്ചകളിൽ നേരിട്ട് ഇടപെടാനാണ് ആർഎസ്എസ്സിന്‍റെ തീരുമാനം. ഓരോ പഞ്ചായത്തിനും കർണാടകയിൽ നിന്നുള്ള എംഎൽഎമാർക്ക് നേരിട്ട് ചുമതല നൽകും. എംഎൽഎമാരോട് ഒക്ടോബർ മൂന്നാം തീയതി മണ്ഡലത്തിൽ എത്താൻ നിർദേശം നൽകി. കർണാടകയിലെ മന്ത്രിമാർക്കും എംപി മാർക്കും മണ്ഡലത്തെ പലതായി വിഭജിച്ച് പ്രത്യേകം ചുമതല നൽകും. കർണാടകത്തിലെ കോട്ട ശ്രീനിവാസ പൂജാരി അടക്കമുള്ള മന്ത്രിമാർ ആണ് മണ്ഡലത്തിലെത്തുക എന്ന് ധാരണയായിട്ടുണ്ട്.

ഹിന്ദു ഐക്യവേദി നേതാവായിരുന്ന തന്ത്രി സ്ഥാനാർത്ഥിയായാൽ നിഷ്‍പക്ഷ വോട്ടുകൾ കിട്ടില്ലെന്ന് തെരഞ്ഞടുപ്പ് കമ്മിറ്റികളിൽത്തന്നെ അഭിപ്രായമുയർന്നതാണ്. ഇതിൽ പ്രതിഷേധിച്ച് ബിജെപിയുടെ കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ കൺവെൻഷനുകൾ ബഹിഷ്കരിക്കുമെന്ന് തന്നെ ഭീഷണിയുയർത്തി. ഞായറാഴ്ച നടന്ന ഹൊസങ്കടിയിലെ കൺവെൻഷനിൽ സംഘ‍ടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എൽ ഗണേഷിനെ ത‍ടഞ്ഞുവച്ചു. ഇത് പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഒരു വിഭാഗമാളുകൾ മർദ്ദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ സുനിൽകുമാറിനാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്. എൽ ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ വാതിലുകളടക്കം പൂട്ടിയാണ്. ഈ ദൃശ്യങ്ങൾ ഒരു ജനാല വഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പ്രവർത്തകർ ഓടിപ്പാഞ്ഞെത്തി വള‍ഞ്ഞിട്ട് മർദ്ദിച്ചത്. 'ആരാണ് പാർട്ടിയ്ക്കുള്ളിലെ ഈ ഭിന്നത നിങ്ങൾക്ക് ചോർത്തിയത്' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കൃത്യമായ പേര് പറയണമെന്നാവശ്യപ്പെട്ട് സുനിൽ കുമാറിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ക്യാമറ തല്ലിത്തകർത്തു. 

കെ സുരേന്ദ്രൻ വെറും 89 വോട്ടിന് തോറ്റ മണ്ഡലമാണ്. ഇവിടെ വലിയ പ്രതിഫലനമുണ്ടാക്കാനോ ആ നേട്ടം ആവർത്തിയ്ക്കാനോ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്ത്രിയ്ക്ക് കഴിഞ്ഞിരുന്നില്ല. നിഷ്‍പക്ഷനായ ഒരാളെ ഇറക്കി ആ വോട്ടുകൾ സ്വപക്ഷത്തേക്ക് എത്തിക്കണമെന്ന് പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെട്ടതാണ്. എന്നാൽ സംസ്ഥാനനേതൃത്വവും ആർഎസ്എസ്സും തന്ത്രിക്കൊപ്പമായിരുന്നു. 

ഇക്കുറി നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്.  കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന. എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. 

2016-ൽ  കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല.  രാജ്‍മോഹൻ ഉണ്ണിത്താൻ 11000 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ ബിജെപിക്ക് 2016-നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രം. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു.