'ബൂത്ത് പിടിക്കാൻ വരുന്നവരുടെ കാലിലേയ്ക്കല്ല, നെഞ്ചിലേക്ക് വെടിയുണ്ട പായിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്.' ബസിർഹാതിൽ പാർട്ടി പ്രചാരണ പരിപാടിയിൽ സംസാരിക്കവേ ബസു പറഞ്ഞു.
കൊൽക്കത്ത: തെരഞ്ഞെടുപ്പ് കാലത്ത് ബൂത്ത് പിടിച്ചെടുക്കാൻ വരുന്നവരെ നെഞ്ചിൽ വെടി വച്ച് കൊല്ലണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി. ബസിർഹാത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സയന്തൻ ബസു ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ബൂത്ത് പിടിച്ചെടുക്കാൻ വരുന്ന ഗുണ്ടകളെ സിആർപിഎഫ് വെടി വച്ച് കൊല്ലണമെന്നാണ് ബസുവിന്റെ അഭിപ്രായം.
''ബൂത്ത് പിടിക്കാൻ വരുന്നവരുടെ കാലിലേയ്ക്കല്ല, നെഞ്ചിലേക്ക് വെടിയുണ്ട പായിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്.'' ബസിർഹാതിൽ പാർട്ടി പ്രചാരണ പരിപാടിയിൽ സംസാരിക്കവേ ബസു പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ബൂത്ത് കയ്യേറിയതായും ബസു ആരോപിച്ചു. ഇത്തരക്കാരെ കേന്ദ്രസേന നേരിടണമെന്നും ബസു പറഞ്ഞു.
ബസുവിന്റെ ആഹ്വാനത്തിനെതിരെ വൻപ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ബസു അക്രമത്തിന് ആഹ്വാനം നടത്തുകയാണെന്നും ഇതിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക് പറഞ്ഞു. ഇത്തരം ഭാഷാ പ്രയോഗങ്ങൾ തെരഞ്ഞെടുപ്പ് സമയങ്ങളിൽ അനുവദിക്കരുതെന്നായിരുന്നു സിപിഐ എം എംഎൽഎ സുജൻ ചക്രബർത്തിയുടെ അഭിപ്രായം.
