2002-ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതിയാണ് മിതേഷ് പട്ടേൽ. ആനന്ദ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയായ മിതേഷ് നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുജറാത്ത് കലാപക്കേസിലെ പ്രതിയാണെന്ന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: ഗുജറാത്തിലെ ആനന്ദ് ലോക്സഭ മണ്ഡലത്തിൽ കലാപക്കേസിലെ പ്രതിയായ മിതേഷ് പട്ടേൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. 2002-ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതിയാണ് മിതേഷ് പട്ടേൽ. ആനന്ദ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയായ മിതേഷ് നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുജറാത്ത് കലാപക്കേസിലെ പ്രതിയാണെന്ന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
വസാത് പൊലീസ് സ്റ്റേഷനിലാണ് മിതേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തീവെപ്പും കലാപവുമടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതേസമയം, ആനന്ദ് സെഷൻസ് കോടതി തന്നെ വെറുതെവിട്ടുവെന്നും കേസ് ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണെന്നും മിതേഷ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ ഭാരതിസിൻ സോളങ്കിക്കെതിരേയാണ് ആനന്ദിൽ മിതേഷ് മത്സരിക്കുക. മിതേഷ് ആദ്യമായി നേരിടുന്ന തെരഞ്ഞെടുപ്പാണിത്. നിലവിൽ ബിജെപിയുടെ ആനന്ദ് ജില്ലാ യൂണിറ്റിന്റെ ട്രഷററാണ് മിതേഷ്.
