ആലപ്പുഴ: അരൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി എൻഡിഎയിൽ ഭിന്നത നിലനിൽക്കെ ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ.പി.പ്രകാശ് ബാബു പ്രചാരണം തുടങ്ങി. പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ അരൂരിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം മുറുകിയിരുന്നു. ഭിന്നത രൂക്ഷമായതോടെ അരൂരിര്‍ ബിഡിജെഎസിന് സീറ്റ് നല്‍കേണ്ടെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

പാലായില്‍ സിപിഎമ്മുമായി ബിഡിജെഎസ് സഹകരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതോടെ യുവമോര്‍ച്ച സംസ്ഥാന പ്രസിന്‍റായ അഡ്വ. കെ.പി.പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തർക്കങ്ങളില്ലെന്നാണ് ബിഡിജെഎസ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ അവസാനഘട്ടത്തിൽ ബിഡിജെഎസ് ഇറക്കിയ സമ്മർദ്ദതന്ത്രം ശരിയായില്ലെന്ന വികാരം ബിജെപിയിലുണ്ട്. 

വോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്ന ഉറപ്പ് എൻഡിഎ യോഗത്തിൽ ബിഡിജെഎസ് നൽകിയെങ്കിലും ശ്രദ്ധയോടെയാണ് ബിജെപി നീക്കം. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഭൂരിപക്ഷ സമുദായത്തെ എൽഡിഎഫും യുഡിഎഫും അവഗണിച്ചുവെന്ന തന്ത്രമാണ് ബിജെപി ഇറക്കുന്നത്.

പ്രകാശ് ബാബുവിനെ മുൻനിർത്തി ശബരിമല വിഷയം ചർച്ചയാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. പ്രകാശ് ബാബു ഇന്ന് ഉച്ചയ്ക്ക് ശേഷം നാമനിർദേശപത്രിക നൽകും. അടുത്ത ദിവസം മുതൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കൺവെൻഷനുകളും മേഖലാ ജാഥകളും നടത്തും. പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തിൽ എത്തിയ ബിജെപി സ്ഥാനാർഥി പ്രചാരണം സജീവമാക്കിയിരിക്കുകയാണ്.