Asianet News MalayalamAsianet News Malayalam

തമ്മിലടി തീരുന്നില്ല; ഇത്തവണയും ബിജെപി പട്ടിക വൈകി; ആർഎസ്എസ്സിന് കടുത്ത അതൃപ്തി

ശബരിമല പ്രശ്നമുൾപ്പെടെ നിരവധി അനുകൂലഘടകങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാൻ പ്രചാരണം നേരത്തേ തുടങ്ങണം. എന്നാൽ സ്ഥാനാർത്ഥികൾ പോലുമില്ലാത്ത അവസ്ഥയിലാണ് എൻഡിഎ ഇപ്പോൾ. 

bjp candidate list late this time too in kerala
Author
Thiruvananthapuram, First Published Mar 19, 2019, 4:13 PM IST

ദില്ലി: ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇത്തവണയും ഏറ്റവുമൊടുവിൽ മാത്രമേ പുറത്തു വരൂ എന്നുറപ്പായി. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലിയുള്ള തർക്കം ഇനിയും അവസാനിച്ചിട്ടില്ല. താത്പര്യമുള്ള സീറ്റുകൾ കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനുമടക്കമുള്ള നേതാക്കൾ. തമ്മിലടി തീരാത്തതിൽ ആർഎസ്എസ്സിന് കടുത്ത അതൃപ്തിയാണുള്ളത്. ശബരിമല പ്രശ്നമുൾപ്പടെ നിരവധി അനുകൂലഘടകങ്ങളുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാൻ ഒരു ആസൂത്രണവും സംസ്ഥാനനേതൃത്വത്തിനില്ല എന്നതാണ് ആർഎസ്എസ്സിനെ ചൊടിപ്പിക്കുന്നത്.

പ്രധാനനേതാക്കളെത്തന്നെ സ്ഥാനാർത്ഥികളാക്കണമെന്നും പ്രചാരണം ഇപ്പോൾത്തന്നെ തുടങ്ങണമെന്നുമാണ് ആർഎസ്എസ്സ് ആവശ്യപ്പെടുന്നത്. കെ സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്നും ആ‌ർഎസ്എസ്സ് ആവശ്യപ്പെടുന്നു. ആർഎസ്എസ്സുമായുള്ള കെ സുരേന്ദ്രന്‍റെ ഭിന്നതയൊക്കെ തൽക്കാലം പറഞ്ഞു തീർത്തെന്നാണ് സൂചന. ശബരിമല വിധി ചൂണ്ടിക്കാട്ടി വിശ്വാസികളുടെ വോട്ട് പരമാവധി സ്വന്തം പാളയത്തിലെത്തിക്കാൻ ശബരിമല സമരത്തിനിടെ ജയിലിൽ കിടന്ന കെ സുരേന്ദ്രൻ വേണമെന്ന നിലപാടാണ് ആർഎസ്എസ്സിനും.

പത്തനംതിട്ടയിലാണ് എല്ലാവരുടെയും കണ്ണ്. ആദ്യം പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ചത് സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാണ്. എന്നാൽ നേരത്തേ കെ സുരേന്ദ്രന് പത്തനംതിട്ട വേണമെന്ന് നിർബന്ധമായിരുന്നു. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച് ഒരു ലക്ഷത്തിലധികം വോട്ട് നേടിയ എം ടി രമേശ് ആദ്യം മുതലേ പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് തന്‍റെ കർമമണ്ഡലം പത്തനംതിട്ടയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്ത് വരുന്നത്. പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കാനേയില്ലെന്നാണ് കണ്ണന്താനത്തിന്‍റെ നിലപാട്. ഇതോടെ നാല് പേരാണ് പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി മാത്രം തമ്മിലടിക്കുന്നത്. 

Read More: മത്സരിക്കാമെന്ന് കണ്ണന്താനവും; പത്തനംതിട്ടയ്ക്ക് വേണ്ടി ബിജെപിയിൽ വടംവലി

പത്തനംതിട്ട കിട്ടിയില്ലെങ്കിൽ തൃശ്ശൂർ വേണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആവശ്യം. എന്നാൽ തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം. ഇതിന് തുഷാർ സമ്മതമറിയിച്ചതോടെ സുരേന്ദ്രന് തൃശ്ശൂർ സീറ്റ് പോയി.

പത്തനംതിട്ടയ്ക്ക് പകരം സുരേന്ദ്രനെ ആറ്റിങ്ങലിലും അൽഫോൺസ് കണ്ണന്താനത്തെ കൊല്ലത്തും മത്സരിപ്പിക്കണമെന്നാണ് മറ്റൊരു സമവായ ഫോർമുല. ഇതിൽ സുരേന്ദ്രന് കടുത്ത അതൃപ്തിയുണ്ട്. കൊല്ലത്ത് മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുകയല്ലേ എന്നാണ് കണ്ണന്താനം ചോദിക്കുന്നത്. ഒരാളെപ്പോലും പരിചയമില്ലാത്ത കൊല്ലത്ത് പോയിട്ട് താനെന്ത് ചെയ്യാനാണ്? മത്സരിക്കുകയാണെങ്കിൽ പത്തനം തിട്ട മാത്രം. അല്ലാത്തയിടത്ത് പരിഗണിക്കുകയേ വേണ്ട - കണ്ണന്താനം ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തെഴുതിയിട്ടുണ്ട്. 

പട്ടികയിൽ ഒരു പേര് പോലും പറയാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കും. സാധ്യതാപട്ടിക ഇങ്ങനെ: 

  • തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
  • പത്തനംതിട്ട: പി എസ് ശ്രീധരൻ പിള്ള
  • എറണാകുളം: ടോം വടക്കൻ
  • ആലപ്പുഴ: കെ എസ് രാധാകൃഷ്ണൻ
  • ചാലക്കുടി: എ എൻ രാധാകൃഷ്ണൻ
  • പാലക്കാട്: കൃഷ്ണകുമാർ
  • കോഴിക്കോട്: പ്രകാശ് ബാബു
  • മലപ്പുറം: ഉണ്ണികൃഷ്ണൻ
  • പൊന്നാനി: വി ടി രമ
  • വടകര: സജീവൻ
  • കാസർകോട്: പ്രകാശ് ബാബു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് വാങ്ങിയ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലാണ്. രണ്ടാമത്തെയാൾ കെ സുരേന്ദ്രൻ. മൂന്നാമത്തേത് എം ടി രമേശും. നാലാമത്തേതാകട്ടെ ശോഭാ സുരേന്ദ്രനും. അങ്ങനെ, നാല് ബിജെപി നേതാക്കൾക്കാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിന് മേൽ വോട്ട് കിട്ടിയത്. 

Follow Us:
Download App:
  • android
  • ios