താൻ ജീവിച്ചിരിക്കുന്നിടത്തോളം ബിൽ നടപ്പിലാക്കാൻ അനുവ​​ദിക്കില്ലെന്നും അങ്ങനെ നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.    

ഷില്ലോങ്: പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി മേഘാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി. തെക്കെ ഷില്ലോങിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്‍ബോര്‍ ഷുല്ലെെയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ജീവിച്ചിരിക്കുന്നിടത്തോളം ബിൽ നടപ്പിലാക്കാൻ അനുവ​​ദിക്കില്ലെന്നും അങ്ങനെ നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ എതിർക്കുന്ന ആദ്യ ബിജെപി എംഎൽഎ താനാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കരുതെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സൻബോർ പറഞ്ഞു. അതേസമയം പൗരത്വ ബില്ല് കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയാല്‍ ബിജെപി വിടുമെന്ന് ഷുല്ലൈ നേരത്തെ പറഞ്ഞിരുന്നു. മേഘാലയിൽ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ വച്ചായിരുന്നു ഷുല്ലൈയുടെ പ്രസ്താവന.

അധികാരത്തില്‍ തുടരുകയാണെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‍ലിം ഇതര മതവിശ്വാസികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ജനുവരി എട്ടിനാണ് ലോക്സഭയിൽ പാസാക്കിയത്. 2014 ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറ് വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് നിയമം.