ദില്ലി: ​ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് കാണിച്ച് ബിജെപിയുടെ പരാതി. ദില്ലി ബിജെപി വക്താവ് ഹാരിഷ് ഖുറാനയാണ് പരാതിയുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചത്.  

ഗാസിയാബാദ്, ചാന്ദ്‌നി ചൗക്ക് എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് സുനിത കേജ്രിവാളിന് രണ്ട് വോട്ടർ ഐഡി കാർഡുകളുള്ളത്. ഈ രണ്ട് മണ്ഡലങ്ങളിലേയും വോട്ടർ‌ പട്ടികയിൽ സുനിതയുടെ പേരുണ്ടെന്നും ബിജെപി പരാതിയിൽ ആരോപിച്ചു. അരവിന്ദ് കെജ്രിവാൾ നിരന്തര കുറ്റവാളിയാണ്. പടിഞ്ഞാറെ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി ​ഗൗതം ​ഗംഭീറിനെതിരെ കുറ്റം ആരോപിക്കുന്നതിന് മുമ്പ് ഭാര്യയുടെ ഇരട്ട വോട്ടിനെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും ബിജപി പറഞ്ഞു.

​കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി ​ഗൗതം ​ഗംഭീറിന് ഒന്നിലധികം രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് കാണിച്ച് പടിഞ്ഞാറെ ദില്ലി എഎപി സ്ഥാനാർത്ഥി ആതിഷ് മർലെന ജില്ലാ കോടതിയിൽ പരാതി നൽകിയിരുന്നു.  ഒന്നിലധികം രണ്ട് വോട്ടർ ഐഡി കാർഡുകൾ കൈവശം വയ്ക്കുന്നത് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.