'കേരളവും മോദിയോടൊപ്പം - വീണ്ടും വേണം മോദി ഭരണം' എന്ന മുദ്രാവാക്യവുമായാണ് മേഖലാ ജാഥകൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ജാഥകള്‍ ഈ മാസം പത്തിന് സമാപിക്കും.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുൻ നിർത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന നാല് മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കമാകും. ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവരാണ് മേഖലാ ജാഥകള്‍ നയിക്കുന്നത്. 'കേരളവും മോദിയോടൊപ്പം - വീണ്ടും വേണം മോദി ഭരണം ' എന്ന മുദ്രാവാക്യവുമായാണ് ജാഥ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
എ എൻ രാധാകൃഷ്ണൻ നയിക്കുന്ന എറണാകുളം മേഖലാ ജാഥയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ വൈകീട്ട് സ്മൃതി ഇറാനിയും ഒ രാജഗോപാലും ചേർന്ന് നിർവ്വഹിക്കും. കെ സുരേന്ദ്രൻ നയിക്കുന്ന തിരുവനന്തപുരം മേഖലാ ജാഥ കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും. ശോഭാ സുരേന്ദ്രന്‍റെ പാലക്കാട് മേഖലാ ജാഥ ഗുരുവായൂരിൽ പി കെ കൃഷ്ണദാസും എം ടി രമേശിന്‍റെ കോഴിക്കോട് മേഖലാ ജാഥ കാസർകോട് സി കെ പത്മനാഭനും ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് പത്തിനാണ് സമ്പര്‍ക്ക യാത്രകളുടെ സമാപനം.
മേഖല ജാഥകളുടെ സമാപനത്തോടെ, അടുത്ത ഘട്ടമെന്നോണം കേന്ദ്ര നേതാക്കളെ കേരളത്തിലെത്തിച്ചുള്ള പ്രചരണ പരിപാടികളും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വൻ നിര കേരളത്തിലെത്തുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്.
