ലഖ്നൗ: ബിജെപി സർക്കാർ ശ്രീരാമനെ മറന്നാണ് പ്രവർ‌ത്തിക്കുന്നതെന്ന് കോൺ​ഗ്രസിന്റെ ലഖ്നൗവിലെ സ്ഥാനാർ‌ത്ഥിയായ ആചാര്യ പ്രമോദ് കൃഷ്ണം. പിന്നാക്കവിഭാ​ഗത്തിന് വേണ്ടിയും മുത്തലാഖ് വിഷയത്തിലും നിയമം കൊണ്ടുവന്ന ബിജെപി രാമക്ഷേത്രത്തെക്കുറിച്ച് മറന്നു പോയെന്നാണ് പ്രമോദ് കൃഷ്ണം ആരോപിക്കുന്നത്. ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയാണ് പ്രമോദ് കൃഷ്ണം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 'ശ്രീരാമനൊപ്പം നിൽക്കാത്തവർക്ക് എങ്ങനെയാണ് രാജ്യത്തിനൊപ്പം നിൽക്കാൻ കഴിയുന്നത്?' എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.

''കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. പശുവിന്റെയും അയോധ്യയുടെയും ഇന്ത്യാ-പാക് പ്രതിസന്ധിയുടെയും പേരിലാണ് സർക്കാർ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയെ ചോദ്യം ചെയ്യുന്നവരെ അവർ ദേശവിരുദ്ധരായി മുദ്ര കുത്തുകയും ചെയ്യും.'' പ്രമോദ് കൃഷ്ണം പറയുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭാലിൽ നിന്നുള്ള കോണ്‌​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പ്രമോദ് കൃഷ്ണം. വാ​ഗ്ദാനം ചെയ്തതൊന്നും പാലിക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും പ്രമോദ് കൃഷ്ണം ആരോപിച്ചു.