തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ തൃശ്ശൂര്‍ ബി ഡി ജെ എസിന് നല്‍കാന്‍ ബി ജെ പി തയ്യാറാണ്. എന്നാല്‍ എങ്ങനെയെങ്കിലും മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്.
ആലപ്പുഴ: ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിച്ചേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.
ബി ഡി ജെ എസിന് നാല് സീറ്റുകളാണ് ബി ജെ പി നല്‍കിയിരിക്കുന്നത്. തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ 'എക്ലാസ് സീറ്റ്' എന്ന് ബി ജെ പി വിശേഷിപ്പിക്കുന്ന തൃശ്ശൂര്‍ ബി ഡി ജെ എസിന് നല്‍കാനും പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ എങ്ങനെയെങ്കിലും മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ തുഷാര്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടു. എന്നിട്ടും തുഷാര്‍ ഇതുവരെ മത്സരിക്കാന്‍ തയ്യാറായില്ല. ചേര്‍ത്തലയില്‍ ചേര്‍ന്ന ബി ഡി ജെ എസ് എക്സിക്യൂട്ടീവ് യോഗവും ഏകകണ്ഠമായി മത്സരിക്കണമെന്ന് പറഞ്ഞിട്ടും തുഷാര്‍ നിലപാട് വ്യക്തമാക്കിയില്ല.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാ മതിലിലും വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുത്തത് ബി ഡി ജെ എസ് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്ന് തുഷാര്‍ ബി ജെ പി നേതൃത്വം ബോധ്യപ്പെടുത്തി. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ള നേതാക്കള്‍ മത്സരിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍റെ മകനായ തുഷാര്‍ വിട്ടുനില്‍ക്കുന്നത് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നും ബി ജെ പി നേതാക്കള്‍ തുഷാറിനോട് പറഞ്ഞു. ശക്തമായ സമ്മര്‍ദ്ദമാണ് മത്സരിക്കാം എന്ന നിലയിലേക്ക് തുഷാര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാവണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.
