കോണ്‍ഗ്രസ്‌ നേതാവും എംപിയുമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ബിജെപി നേതാവ്‌ എസ്‌എംകൃഷ്‌ണയുമായി കൂടിക്കാഴ്‌ച്ച നടത്തി.

ബംഗളൂരു: തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ്‌ നേതാവും എംപിയുമായിരുന്ന അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ബിജെപി നേതാവ്‌ എസ്‌എംകൃഷ്‌ണയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇതോടെ കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാമണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ സുമലത മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്‌.

തനിക്ക്‌ സീറ്റ്‌ നിഷേധിച്ച കോണ്‍ഗ്രസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ സുമലത മാണ്ഡ്യയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ്‌ റിപ്പോര്‍്‌ട്ടുകള്‍ പുറത്തുവന്നിരുന്നത്‌. എച്ച്‌.ഡി.ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയാണ്‌ ഇവിടെ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന്‌ പിന്നാലെ മാണ്ഡ്യയില്‍ മത്സരിക്കേണ്ടതില്ലെന്ന്‌ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചതായി സൂചനകള്‍ പുറത്തുവന്നിരുന്നു. ഇത്‌ സുമലതയ്‌ക്ക്‌ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള നടപടിയാണെന്നും വിലയിരുത്തപ്പെട്ടു,

തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ ഈ മാസം 18ന്‌ പ്രഖ്യാപനം നടത്തുമെന്നാണ്‌ സുമലത അറിയിച്ചിരിക്കുന്നത്‌. ഇതിനിടെയാണ്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എസ്‌.എം.കൃഷ്‌ണയുമായി സുമലത ഇന്ന്‌ കൂടിക്കാഴ്‌ച്ച നടത്തിയത്‌. മാണ്ഡ്യ സീറ്റ്‌ ജെഡിഎസിന്‌ നല്‍കിയതു വഴി കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്ന്‌ എസ്‌.എം.കൃഷ്‌ണയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷം സുമലത മാധ്യമങ്ങളോട്‌ പറഞ്ഞു.