ഇന്‍ഡോര്‍: ബിജെപി തെരഞ്ഞെടുപ്പിനായി തുടങ്ങി വെച്ച ചൗകിദാര്‍ പ്രചാരണം കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ഉപയോഗിച്ച മധ്യപ്രദേശ് എംഎല്‍എയെ പൊലീസ് പിടിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതി നിരത്തിലിറങ്ങിയ പന്ധാന എംഎല്‍എ രാംദേങ്കാറിന് മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നത്.

മധ്യപ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി നന്ദകുമാര്‍ സിംഗ് ചൗഹാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴാണ് രാംദേങ്കാറിന്‍റെ കാര്‍ പൊലീസ് തടഞ്ഞത്. എന്നാല്‍, താന്‍ നിയമലംഘനം ഒന്നും നടത്തിയിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം നടത്തുന്ന ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

രംഗപഞ്ചമി ആഘോഷമായതിനാല്‍ പൊലീസ് പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ എംഎല്‍എ ചൗകിദാര്‍ എന്ന് കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ എഴുതി വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പിഴ ഒടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.