ദില്ലി: ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കള്ളപ്പണമായിരുന്നു 2014 ലെ മുഖ്യ ചർച്ചാ വിഷയമെന്നും കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. ആ നടപടി എടുത്തിട്ടുണ്ട്. ഞങ്ങളാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്," രാജ്നാഥ് സിങ് പറഞ്ഞു.

ആദായ നികുതി വകുപ്പും എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റും നടത്തുന്ന റെയ്‌ഡുകളിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും ഈ അന്വേഷണ ഏജൻസികൾ സ്വതന്ത്ര ഏജൻസികളാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കേന്ദ്രസർക്കാരിനെ ഇതിന്റെ പേരിൽ പഴിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.