ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം 13 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം ഉണ്ടാക്കാനാകാതെ  ബിജെപി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം എൻഡിഎയുടെ ഏറ്റവും മോശം പ്രകടനം എന്ന് വിലയിരുത്താവുന്ന തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ബിജെപി ആസ്ഥാനം കടുത്ത നിരാശയിലാണ്. സർക്കാർ രൂപീകരണത്തിനുള്ള വഴികൾ ഹരിയാനയിൽ ബിജെപിക്ക് സംജാതമായിട്ട് പോലും ദേശീയ ആസ്ഥാനത്ത് കാര്യമായ ആഘോഷങ്ങളൊന്നും ഉണ്ടായില്ല.

മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച വിജയം പ്രതീക്ഷിച്ച ബിജെപിക്ക് ഹരിയാനയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എക്സിറ്റ് പോളുകൾ എല്ലാം തന്നെ 75  സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 46  സീറ്റുകൾ പോലും നേടാനാവാത്ത ദയനീയ പ്രകടനമായിരുന്നു ഹരിയാനയിലേത്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ആണ് ഹരിയാനയിൽ വെല്ലുവിളി ആയത്. സ്ഥാനാർത്ഥിത്വത്തിന്റെ 79 ശതമാനവും ജാട്ട് സമുദായത്തിന് പുറത്ത് നിന്നുള്ളവർക്ക് നൽകിയ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇതിനോടകം കേന്ദ്രത്തിന്റെ അതൃപ്തിക്ക് പാത്രമായി കഴിഞ്ഞു.

ഫലത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരം നിലനിർത്താൻ ജനനായക് ജനതാ പാർട്ടിയുടെ കനിവ് കിട്ടേണ്ട ഗതികേടിലാണ് ഹരിയാനയിലെ ബിജെപി നേതൃത്വം. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ അമിത് ഷാ ഹരിയാനയിലേക്ക് വിളിപ്പിച്ചത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവിന് ശകാരിക്കാൻ ആണെന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്.

Read More: ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും; ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് നിര്‍ണായകം

മഹാരാഷ്ട്രയിൽ ജയം നേടാനായെങ്കിലും പ്രതീക്ഷിച്ചതിൽ നിന്നും വളരെ കുറവായി മുഖ്യമന്ത്രിക്ക് ലഭിച്ച ഭൂരിപക്ഷം. 88 അംഗ നിയമസഭയിൽ കഴിഞ്ഞതവണത്തെ 122 സീറ്റ് നേട്ടത്തിന്റെ അടുത്തെത്താൻ പോലും ബിജെപിക്ക് ആയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 20  ലേറെ പ്രതിപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിച്ചും മുതി‍ർന്ന നേതാക്കൾക്ക് സീറ്റ് നൽകാതെയും മുഖ്യമന്ത്രി ഫട്നാവിസ് പയറ്റിയ തന്ത്രങ്ങൾ എല്ലാം പാളി.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പലരും തോറ്റു. സൗത്ത് വെസ്റ്റ് നാഗ്പൂരിൽ ജയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ ചെറു കക്ഷികളെ താമര ചിഹ്നത്തിൽ മത്സരിപ്പിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാൻ ബിജെപിക്ക് മഹാരാഷ്ട്രയിലും കഴിഞ്ഞില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടിലും ഇക്കുറി കോൺഗ്രസ് ആഞ്ഞു പയറ്റി. മൂന്ന് സീറ്റുകളിൽ ബിജെപി ജയിച്ചപ്പോൾ അത്ര തന്നെ സീറ്റുകളിൽ ജയിക്കാൻ കോൺഗ്രസിനുമായി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അൽപേഷ് ഠാക്കൂര്‍ തോൽക്കുകയും ചെയ്തു. 13 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നേറ്റം നേടാനായില്ല. 51ൽ 16 സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്. കേരളത്തിലെ ഉൾപ്പടെ 14 സീറ്റിൽ കോണ്‍ഗ്രസും വിജയിച്ചു.

Read More: ഹരിയാനയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്: കർണാടക മോ‍ഡൽ സർക്കാരിന് സാധ്യത

ഉപതെരഞ്ഞടുപ്പിലൂടെ സിക്കിമിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കായി. 11 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയിൽ 7 സീറ്റ് ബിജെപി സഖ്യം നിലനിര്‍ത്തി. രണ്ടിടത്ത് എസ്പിയും ഒരിടത്തും ബിഎസ്പിയും വിജയിച്ചു. കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റ് ബിജെപിക്ക് നഷ്ടമായി. പല 
ഇടത്തും അപ്രതീക്ഷിത നേട്ടമുണ്ടാക്കാൻ കഴിഞ്ഞ കോൺഗ്രസ് പാളയം പക്ഷെ അതീവ സന്തോഷത്തിലാണ്. 

എന്നാൽ തിളക്കമുറ്റ ജയം ആണ് എൻ‍ഡിഎ നേടിയതെന്ന് പറഞ്ഞു വയ്ക്കാൻ തന്നെയാണ് നേതൃത്വത്തിന്റെ ശ്രമം. ആദ്യഘട്ടത്തിൽ ഹരിയാനയിൽ ഉണ്ടായിരുന്ന ലീ‍ഡ് നാൽപ്പത് സീറ്റിലേക്ക് ഉയർന്നതോടെ അത് വരെ നിശബ്ദമായിരുന്ന അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു തുടങ്ങി. തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എന്നതിനെ നേട്ടമായി അവതരിപ്പിക്കുന്നു നേതാക്കൾ.

Read More: 'മുഖ്യമന്ത്രി പദത്തില്‍ തുടരും'; വിമതര്‍ ബിജെപിക്കൊപ്പം ചേരുമെന്ന് ദേവേന്ദ്ര ഫട്‍നാവിസ്

പക്ഷെ ബിജെപി ആസ്ഥാനം ഏറെ കുറെ നിശബ്ദമാണ്. മധുര പലഹാരങ്ങളില്ല, പൂക്കളില്ല, പതാക ഉയർത്തലില്ല., പാർട്ടി പ്രവർത്തകർ സന്തോഷവാൻമാരല്ല. ഹരിയാനയിൽ നിന്ന് ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയ ഒരു പ്രവർത്തകന്റെ പ്രതികരണം ഇങ്ങനെ ആണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ജയം ബിജെപിയെ തേടിയെത്തുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. അതിനാൽ താഴേത്തട്ടിലെ പ്രവർത്തനം കോൺഗ്രസിനെ അപേക്ഷിച്ച് ബിജെപി പ്രവർത്തകർ ചെയ്തിട്ടില്ലെന്നും ആ ബിജെപി പ്രവർത്തകൻ പറഞ്ഞു നിർത്തി. 

കഴിഞ്ഞ നിയമസഭാ, പാർലമെന്‍റ്  തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ബിജെപിക്ക് കേരളത്തിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. അഞ്ച് മണ്ഡലങ്ങളിലും നേരത്തേയുളള വോട്ടു പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഏറെ പ്രതീക്ഷ വച്ച കോന്നിയിലും മുന്നേറ്റം നടത്താൻ ബിജെപിക്കായില്ല. 

Read More: മഹാരാഷ്ട്രയില്‍ നിറം മങ്ങി ബിജെപി; നില മെച്ചപ്പെടുത്തി ശിവസേന

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തി അഞ്ചാം വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഗ്രാമീണജനത ബിജെപിയെ അകറ്റി നിർത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയെ കൈയ്യിലെടുക്കാൻ പോന്ന പദ്ധതികളൊന്നും രണ്ടാം മോദി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാൻ.

അടിത്തട്ടിളക്കിയുള്ള പ്രചാരണങ്ങളും ഇത്തവണ ബിജെപിയിൽ നിന്നുണ്ടായില്ല. ഹരിയാനയിൽ ആകട്ടെ സംവരണ പ്രക്ഷോഭത്തിനിറങ്ങിയ ജാട്ട് സമുദായത്തെ ഒപ്പം നിർത്താൻ കഴിയാത്തതും ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. പതിവായി ഉണ്ടായിരുന്ന മോദി ഫാക്ടർ ഇക്കുറി പ്രതിഫലിച്ചോ എന്നതും ചോദ്യമാകുന്നു. എന്തായാലും രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റത്തിന്റെ സൂചിക എന്നൊന്നും വിശേഷിപ്പിക്കാൻ ആകില്ലെങ്കിലും ആത്മവിശ്വാസത്തിന്റെ നെറുകയിൽ തുടർന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ  അത്ര ചെറുതല്ലാത്ത തിരിച്ചടി തന്നെയാണ്.