തൃശൂരോ പത്തനംതിട്ടയോ ഇല്ലെങ്കിൽ മത്സരത്തിനില്ലെന്ന് സുരേന്ദ്രൻ ആവർത്തിച്ചതാണ് ബിജെപിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്
ദില്ലി: തൃശൂർ സീറ്റിൽ ബിജെപിക്ക് വീണ്ടും ആശയകുഴപ്പം. മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മൽസരിക്കാൻ തുഷാറിന് മേൽ വൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന. പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള തന്നെ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തൃശൂരോ പത്തനംതിട്ടയോ ഇല്ലെങ്കിൽ മത്സരത്തിനില്ലെന്ന് സുരേന്ദ്രൻ ആവർത്തിച്ചതാണ് ബിജെപിയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
തല്‍ക്കാലം തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാതെ പകരം മറ്റൊരു സീറ്റ് നല്‍കാനും ആലോചനയുണ്ട്. തുഷാറിനെ ബിജെപി കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. എറണാകുളം സീറ്റില്‍ കണ്ണന്താനവും പരിഗണനയിലുണ്ട്. സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാൻ പി എസ് ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും ഉൾപ്പെടെയുള്ള നേതാക്കൾ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തിയത് രാവിലെ 11 നാണ്.
എന്നാൽ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലി ബിജെപിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിയിരുന്നു. തുഷാർ മത്സരിക്കാൻ തയ്യാറായാൽ തൃശൂർ നൽകാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ വൈകിട്ടോടെ തുഷാര്‍ കേന്ദ്രനേതൃത്വത്തോട് തന്‍റെ നിലപാട് അറിയിക്കുകയായിരുനനു. രാജ്യസഭയിൽ മൂന്നര വർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിലും മത്സരിക്കാമെന്നാണ് കണ്ണന്താനം കേന്ദ്ര നേതൃത്തെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്ക് കണ്ടു വെച്ച എം ടി രമേശും പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
