ഔദ്യോഗികമായി കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും നേരത്തെ തന്നെ അണികൾ  പ്രചാരണവും വോട്ട് അഭ്യർത്ഥനയും ആരംഭിച്ചിരിക്കുകയാണ്

തിരുവനന്തപുരം: കുമ്മനത്തിനായി തിരുവനന്തപുരത്ത് ബിജെപി ചുവരെഴുത്ത് തുടങ്ങി. ഔദ്യോഗികമായി കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. സി ദിവാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൽഡിഎഫും ശശി തരൂരിനെ നിർത്തി യുഡിഎഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

മിസോറാം ഗവർണ്ണർ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തിൽ അമിത് ഷായ്ക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാട് ആർഎസ്എസ് നേതൃത്വവും ആവർത്തിച്ച് കൊണ്ടിരുന്നു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവർണറാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തിരിച്ചിറക്കുമ്പോൾ പാർലമെന്‍റ് സീറ്റിൽ കുറഞ്ഞ മറ്റൊന്നും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പാർട്ടിയിൽ വലിയ എതിർപ്പുയർന്നിരുന്നു. പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് അന്ന് കുമ്മനം സ്ഥാനം ഏറ്റെടുത്തത്. നിലവിൽ കേരളത്തിൽ പാർട്ടിക്ക് ലോക്സഭാ സീറ്റു നേടാനുള്ള അന്തരീക്ഷമുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

തിരുവനന്തപുരം പത്തനംതിട്ട എന്നീ സീറ്റുകളിലേക്കാണ് കുമ്മനത്തിൻറെ പേര് ഉയർന്നു വന്നത്. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയ്ക്ക് കുമ്മനത്തോടുള്ള അതൃപ്തിയാണ് മാറ്റിയതിലൂടെ പ്രകടമായതെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ കുമ്മനത്തെ ഭരണരംഗത്തേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശദീകരണം. നിർണ്ണയാക തെരഞ്ഞെടുപ്പിൽ ഒരു ഗവർണ്ണറെ തന്നെ രാജിവയ്പിച്ച് ബിജെപി എല്ലാ കാർഡുകളും പുറത്തിറക്കുകയാണ്.