Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കുക 'വലിയ രസഗുള' എന്ന് മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പ് ചൂടിനിടെ ബദ്ധവൈരികള്‍ക്ക് മമതയുടെ വക മധുരപലഹാരമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. മമത പറഞ്ഞത് മധുരമൂറുന്ന രസഗുളയെക്കുറിച്ചല്ല, വട്ടപ്പൂജ്യത്തെക്കുറിച്ചാണ്!
 

BJP will get big rosogolla says Mamata Banerjee
Author
Kolkata, First Published Apr 19, 2019, 7:25 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്ന് ബിജെപിക്ക് വലിയ രസഗുള ലഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി.  തെരഞ്ഞെടുപ്പ് ചൂടിനിടെ ബദ്ധവൈരികള്‍ക്ക് മമതയുടെ വക മധുരപലഹാരമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. മമത പറഞ്ഞത് മധുരമൂറുന്ന രസഗുളയെക്കുറിച്ചല്ല, വട്ടപ്പൂജ്യത്തെക്കുറിച്ചാണ്!

2016ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിലെ ജനങ്ങളോട് പറഞ്ഞത് ബിജെപി അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് രണ്ട് കയ്യിലും ലഡ്ഡു ലഭിക്കും എന്നായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണം എന്നതിനെയാണ് മോദി ലഡ്ഡുവിനോട് ഉപമിച്ചത്. ഇതിനെ ഓര്‍മ്മിപ്പിച്ചായിരുന്നു മമതാ ബാനര്‍ജിയുടെ രസഗുള പരാമര്‍ശം. 

ബിജെപിക്ക് വോട്ട് ചെയ്തവരൊക്കെ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണെന്ന് മമത പറഞ്ഞു. "ഡല്‍ഹി ലഡ്ഡു (കേന്ദ്രഭരണം) കഴിച്ചവരൊക്കെ അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. 2014ല്‍ അവര്‍ക്ക് (ബിജെപി) കിട്ടിയത് രണ്ട് സീറ്റാണ്. ഇക്കുറി അവര്‍ക്ക് കിട്ടാന്‍ പോകുന്നത് വലിയ രസഗുളയാണ്, അതായത് വലിയൊരു വട്ടപ്പൂജ്യം." മമതാ ബാനര്‍ജി പരിഹസിച്ചു.

ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മമത അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios