ദില്ലി: ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൺ കോൺ​ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 'ബാഗിനി: ബംഗാള്‍ ടൈഗ്രസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പായി പുനഃപരിശോധിക്കണമെന്ന് ബിജെപി കത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'പിഎം മോദി' എന്ന ചിത്രം പുനഃപരിശോധിച്ചത് പോലെ ബാഗിനിയും പുനഃപരിശോധിക്കണം. മെയ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപി കത്തിൽ പറഞ്ഞു. ഇതിനെതുടർന്ന് ബയോപിക്കിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വെസ്റ്റ് ബം​​ഗാൾ ചീഫ് ഇലക്ട്രറൽ ഓഫീസറോട് ആവശ്യപ്പെട്ടു. 

നേഹാൾ ദത്തയാണ് ബാഗിനിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ റുമ ചക്രബൊര്‍ത്തിയാണ് മമത ബാനർജിയായി വേഷമിട്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം 'പിഎം മോദി'യുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചു. ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് മോദിയെ അവതരിപ്പിക്കുന്നത്.