മധുര എയർപോർട്ടിൽ വച്ചാണ് എയർ ഇന്ത്യ യാത്രക്കാർക്ക് മോദിയുടെ ചിത്രമുള്ള ബോര്‍ഡിംഗ് പാസ്‌ നല്‍കിയത്. ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി പരിഗണിച്ചാണ് നോട്ടീസ്.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോര്‍ഡിംഗ് പാസില്‍ നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. മധുര എയർപോർട്ടിൽ വച്ചാണ് എയർ ഇന്ത്യ യാത്രക്കാർക്ക് നരേന്ദ്രമോദിയുടെ ചിത്രമുള്ള ബോര്‍ഡിംഗ് പാസ്‌ നല്‍കിയത്. ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമായി പരിഗണിച്ചാണ് നോട്ടീസ്. 

നരേന്ദ്രമോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിംഗ് പാസുകളാണ് എയര്‍ഇന്ത്യ വിതരണം ചെയ്തത്. ബോർഡിങ് പാസുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമർ അബ്‌ദുള്ള രം​ഗത്തെത്തുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടേയും ചിത്രങ്ങളടങ്ങിയ ബോര്‍ഡിങ് പാസുകള്‍ ​ഗോഎയർ കമ്പനിയും വിതരണം ചെയ്തിരുന്നു. മോദിയുടേയും വിജയ് രൂപാനിയുടേയും ചിത്രങ്ങൾക്ക് പുറമെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ പരസ്യം ഉൾപ്പടെ അച്ചടിച്ചതാണ് ബോർഡിങ് പാസ്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ​ഗോഎയര്‍ ഇത് പിന്‍വലിച്ചിരുന്നു. 

കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിനിടെ ഇതേ ബോര്‍ഡിംഗ് പാസ് തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഒമർ കുറിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 20-ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഇള്‍പ്പെടുത്തിയ ടിക്കറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ പിന്‍വലിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയെ തുടർന്നായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ നടപടി. എന്നാല്‍ മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റ് വിതരണം ചെയ്തതിനു റെയിൽ വേ മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഇന്ന് തന്നെ മന്ത്രാലയം മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.