Asianet News MalayalamAsianet News Malayalam

കള്ളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ മീണയുടെ ശുപാർശ

പിലാത്തറയിൽ കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗം സലീനയെയാണ് അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ശുപാർശ നൽകിയിരിക്കുന്നത്. 

bogus votes in pilathara panchayath member saleena will be ousted from the position
Author
Thiruvananthapuram, First Published Apr 30, 2019, 12:00 PM IST

തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ശുപാർശ ചെയ്തു. ഓപ്പൺ വോട്ട് ചെയ്തതാണെന്ന് വാദമുയർത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ സ്ഥിരീകരിച്ചു. 

പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രേഖകളെല്ലാം സ്ട്രോംഗ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു. 

വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്‍റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. 

അതേസമയം, ഫേസ്ബുക്കിലൂടെ വ്യാപക അധിക്ഷേപമാണെന്ന് കാണിച്ച് സലീന പൊലീസിൽ പരാതി നൽകി. യുഡിഎഫ് പ്രവർത്തകർ ഫേസ്ബുക്കിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അധിക്ഷേപം നടത്തുന്നുവെന്നാണ് ആരോപണം. 

Follow Us:
Download App:
  • android
  • ios