Asianet News MalayalamAsianet News Malayalam

കള്ളവോട്ട്: കാസർകോട്ടെ പ്രശ്നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. നാളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ദൃശ്യങ്ങൾ കൈമാറും. 

bogus votes web streaming of sensitive booths checked
Author
Kasaragod, First Published May 5, 2019, 5:21 PM IST

കാസർകോട്: കാസർഗോഡ് ജില്ലയിലെ അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. നാളെ റിപ്പോർട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ ഒൻപത് മണിക്കാണ് പരിശോധന ആരംഭിച്ചത്. കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തിമൂന്നും ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ബൂത്ത് ലവൽ ഓഫീസർ, വെബ് സ്ട്രീമിംഗ് നടത്തിയ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്‍ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

ദൃശ്യങ്ങളിൽ അസ്വാഭാവികതയുണ്ടോ, ബൂത്തിനകത്ത് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് നോക്കിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കും. ഇത്തരത്തിൽ റിപ്പോർട്ട് ചെയത ബൂത്തുകളിലെ ദൃശ്യങ്ങൾ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ച് നാളെ പത്ത് മണിക്ക് അകം റിപ്പോർട്ട് നൽകാനാണ് വരണാധികാരിയുടെ നിർദേശം.

ഈ റിപ്പോർട്ട് ഉടൻ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. കാസർകോട് പാർലമെന്‍റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂർ - കല്യാശ്ശേരി മണ്ഡലങ്ങളിലെ ദൃശ്യങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ല. കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇവ പരിശോധിക്കുക.
 

Follow Us:
Download App:
  • android
  • ios