നൂറുശതമാനം പരിസ്ഥിതി സൗഹാർദമായവയാണ് ബോഹർ മീഡിയ. ഉപയോഗ ശേഷം ഉപേക്ഷിച്ചാലും മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ​ഗോദയിലെ അഭിവാജ്യ ഘടകമായ ഫ്ലക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രചരണത്തിന് പുത്തൻ വഴികൾ തേടുകയാണ് രാഷ‌്ട്രീയ പാർട്ടികളും പരസ്യ ഏജൻസികളും. ‘ഗ്രീൻ ഇലക്ഷൻ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. സംസ്ഥാന ശുചിത്വ മിഷനും ഹരിതകേരളം മിഷനുമാണ‌് പ്ലാസ‌്റ്റിക‌് മുക്ത തെരഞ്ഞെടുപ്പ‌് എന്ന നിർദേശം മുന്നോട്ടുവച്ചത‌്. 

തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് ബോര്‍ഡുകളോ പരിസ്ഥിത സൗഹൃദമല്ലാത്ത വസ്തുക്കളോ ഉപയോഗിച്ചുള്ള പ്രിന്‍റിംഗോ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഫ്ലക്സ്, പ്ലാസ്റ്റിക് തുടങ്ങിയ പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്‍റിംഗ് തെരഞ്ഞെടുപ്പ് കാലത്ത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാര്‍ സോമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന പോളി വിനൈൽ ക്ലോറൈഡ്‌ (പിവിസി) ഉപയോഗിച്ചുള്ള ഫ്ലക്സ് ഉത്പന്നങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ‌് കമീഷനും നിർദേശം നൽകി. ക്ലോറിൻ അടങ്ങിയിട്ടുള്ള ഇത്തരം ഫ്ലക്സ‌ുകൾ കത്തുമ്പോൾ ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ വിഷവാതകങ്ങൾ പുറത്തള്ളപ്പെടുന്നു. ഇവ കാൻസ‌ർ, വന്ധ്യത തുടങ്ങിയ രോഗാവസ്ഥകൾക്ക് കാരണമാകും. കൂടാതെ ഇത്തരം ഫ്ലക്സ് ബോർഡുകൾ മണ്ണിൽ അലിഞ്ഞു ചേരുകയോ ജീർണിക്കുകയോ ചെയ്യില്ല. 

സിന്തറ്റിക് പോളിമറും കളർ ഡൈയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലക്സ് ബോർഡുകൾ കത്തിക്കുന്നത് ഏറെ സങ്കീർണമായ പ്രക്രിയയാണ്. ഇത് കത്താൻ കുറഞ്ഞത് 299 ഡിഗ്രി സെൽഷ്യസ് ചൂട് വേണം. ഇവ കത്തിക്കുന്നത് മൂലം പ്രദേശത്തെ ചൂട് ഉയരുന്നതിന് കാരണമാകും. കൂടാതെ ഇതിൽ നിന്നുമുണ്ടാകുന്ന ചാരം അമ്ല സ്വഭാവമുള്ളതാണ്. ഇത് ജലം, വായു, മണ്ണ് തു‌ടങ്ങിയവയിൽ അമ്ലത്തിന്റെ അളവ് ഉയർത്തുന്നതിന് കാരണമാകുന്നു. പരിസ്ഥിതിക്ക് ഏറെ ദോഷമുയർത്തുന്ന സൾഫൈറ്റുകൾ, നൈട്രേറ്റുകൾ എന്നീ മൂലകങ്ങളെ പുറന്തള്ളുകയും ചെയ്യും. വായുവിനെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഈ മൂലകങ്ങൾ വായുവിന്റെ സഞ്ചാരം കുറയ്ക്കുന്നു.

ഫ്ലക്സ് ബോർഡുകൾക്ക് പകരം പുനഃചംക്രമണം ചെയ്യാവുന്നതും ദ്രവിക്കുന്നതും പിവിസി മുക്തവുമായ പോളിഎത്തിലിൻ നിർമിത വസ്തുക്കളോ അല്ലെങ്കിൽ കോട്ടൺ തുണി പോലുള്ള വസ്തുക്കളോ മാത്രമേ ഉപയോഗിക്കാവുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആശയപ്രചാരണത്തിന‌് ബോഹർ മീഡിയ പോലുള്ള പുതിയ മാധ്യമങ്ങളാണ‌് രാഷട്രീയ പാർട്ടികളടക്കം തെരഞ്ഞടുക്കുന്നത്. 

പേപ്പറും പരുത്തി നൂലും കലർത്തി നിർമിക്കുന്നവയാണ് ബോഹർ മീഡിയ. പ്ലാസ്‌റ്റിക്കിന‌് പകരം കപ്പ, ചോളം തുടങ്ങിയവയുടെ സ‌്റ്റാർച്ച‌ിൽനിന്നും എടുക്കുന്ന ആസിഡ‌് ഉപയോഗിച്ച‌ാണ‌് ബോർഡുകളുടെ കോട്ടിങ‌്. നൂറുശതമാനം പരിസ്ഥിതി സൗഹാർദമായവയാണ് ബോഹർ മീഡിയ. ഉപയോഗശേഷം ഉപേക്ഷിച്ചാലും മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. പ്രചാരണ ബോർഡ‌ുകൾക്കായി കൊറിയൻ കോട്ടണും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പേരിൽ കൊറിയൻ ഉണ്ടെങ്കിലും തുണി വരുന്നത‌് ചൈനയിൽനിന്നാണ‌്. 

ഫ്ലക്സ് ബോർഡുകളേക്കാൾ തെളിച്ചം അൽപ്പം കുറവാണെങ്കിലും ഇതിന് ആവശ്യക്കാരേറെയാണ്. ചൂടും മഴയും ഒരുപോലെ പ്രതിരോധിക്കുന്ന 
തുണിയാണ് കൊറിയൻ കോട്ടൺ. സാധാരണ കോറ കോട്ടൺ തുണിയിലും ബോർഡുകൾ പ്രിന്റ‌് ചെയ്യുന്നുണ്ട്. എന്നാൽ താരതമ്യേന വിലക്കുറവുള്ള കോട്ടൺ ബോർഡുകൾക്കാണ‌് സംസ്ഥാനത്ത് ആവശ്യമേറെയും. കയർ, പായ തുടങ്ങിയവ പ്രചാരത്തിലുണ്ടെങ്കിലും വിലകൂടുതൽ കാരണം അവയൊന്നും വ്യാപകമായി ഉപയോ​ഗിക്കുന്നില്ല. ഫ്ലക്സ് ബോർഡുകൾ വരുന്നതിന് മുമ്പ് ശീലിച്ചിരുന്ന ചുമരെഴുത്ത് സജീവമാണ‌്.