റീപോളിംഗിന് പിന്നാലെ പിലാത്തറയിൽ അക്രമം. കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. അക്രമികൾ രക്ഷപ്പെട്ടു. സിപിഎമ്മിന്റെ ആസൂത്രിത അക്രമമെന്ന് കോൺഗ്രസ്.

കണ്ണൂർ: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജന്‍റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 12 ഓടെയായിരുന്നു സംഭവം.

ബോംബേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു. ചുവരുകൾക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19-ാം ബൂത്തിലെ കോൺഗ്രസ് ഏജന്‍റായിരുന്നു പത്മനാഭൻ.

ഇന്നലെയായിരുന്നു പിലാത്തറയിലടക്കം കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടന്നത്. പോളിംഗ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അർധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.