വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് നവവധുവും വരനും നേരെ പോളിങ് ബൂത്തിലേക്ക് പോകുകയായിരുന്നു. പരമ്പരാ​ഗത മഹാരാഷ്ട്രിയൻ സാരിയും ആഭരണങ്ങളും അണിഞ്ഞാണ് വധു പോളിങ് ബൂത്തിലെത്തിയത്. 

മുംബൈ: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നവവധു പോളിങ് ബൂത്തിലെത്തിയത് വിവാഹ വസ്ത്രത്തിൽ. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വസ്ത്രം പോലും മാറാതെ നവവധുവും വരനും നേരെ പോളിങ് ബൂത്തിലേക്ക് പോകുകയായിരുന്നു. പരമ്പരാ​ഗത മഹാരാഷ്ട്രിയൻ സാരിയും ആഭരണങ്ങളും അണിഞ്ഞാണ് വധു പോളിങ് ബൂത്തിലെത്തിയത്. 

ഏറെ നേരം ക്യൂ നിന്നതിന് ശേഷമാണ് വധു വോട്ട് രേഖപ്പെടുത്തിയത്. ശേഷം മഷിയടയാളം പതിച്ച വിരലിന്റെ ചിത്രം വധു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് നമ്മുടെ കടമയാണ്. കുറച്ച് പേടിച്ചെങ്കിലും എനിക്ക് ഇഷ്ടമായെന്ന അടിക്കുറിപ്പോടെയാണ് വധു ചിത്രം പങ്കുവച്ചത്. 

കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിനായി വരൻ വിവാഹച്ചടങ്ങുകൾ നിർത്തിവച്ചിരുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ബം​ഗാളിലായിരുന്നു സംഭവം.പരമ്പരാ​ഗത ബം​ഗാളി കുർത്ത ധരിച്ച് പൂക്കൾകൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് വരൻ പോളിങ് ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വധുവിനെ വീട്ടിലേക്ക് കൈപ്പിടിച്ച് കയറ്റുമെന്ന് പറ‍‍ഞ്ഞാണ് വരൻ പോളിങ് ബൂത്തിലേക്ക് പോയത്.