പിലിഭിത്ത്:  ഫോണ്‍ ബില്ലടയ്ക്കാത്തതിന്‍റെ പേരില്‍ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ വരുണ്‍ ഗാന്ധിക്കെതിരെ നടപടി എടുക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. 38,000 രൂപയുടെ ബില്ല് അടച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് ചൂണ്ടിക്കാട്ടി പിലിഭിത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വരുണ്‍ ഗാന്ധിക്ക് നോട്ടീസയച്ചു. 

നിരവധി തവണ പറഞ്ഞിട്ടും ബില്ല് അടയ്ക്കാന്‍ വരുണ്‍ ഗാന്ധി തയ്യാറായില്ലെന്ന് മാര്‍ച്ച് 30-ന് അയച്ച നോട്ടീസില്‍ പറയുന്നു. 2009-14 കാലയളവില്‍ പിലിഭിത്ത് എം പി ആയിരുന്നപ്പോഴുള്ള ഫോണ്‍ ബില്ലാണ് അടയ്ക്കാനുള്ളത്. വരുണ്‍ ഗാന്ധിയുടെ ഓഫീസിലെ ബില്ലാണിത്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കല്‍ നിന്നുമുള്ള എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ്  നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ എന്‍ ഒ സി ഇല്ലാതെയാണ് വരുണ്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

2014-ല്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ച വരുണ്‍ ഗാന്ധി ഇത്തവണ അമ്മ മനേക ഗാന്ധിയുടെ മണ്ഡമായ പിലിഭിത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഏപ്രില്‍ 23-നാണ് പിലിഭിത്തില്‍ വോട്ടെടുപ്പ് നടക്കുക.