ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് പുരോ​ഗമിക്കവേ ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് ബിഎസ്പി സ്ഥാനാർത്ഥി. ഉത്തര്‍പ്രദേശിലെ അംറോഹ ലോക്‌സഭാ മണ്ഡലത്തിലെ  സ്ഥാനാർഥിയായ കുന്‍വാര്‍ ഡാനിഷ് അലിയാണ് ആരോപണവുമായി രം​​ഗത്തെത്തിയിരിക്കുന്നത്. ബുർഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാർ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്നാണ് ഡാനിഷ് അലിയുടെ ആരോപണം. 

തോൽക്കുമെന്ന ഭയം കാരണമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്നും ഡാനിഷ് അലി ആരോപിച്ചു. അതേസമയം ഡാനിഷ് അലിയുടെ ആരോപണത്തിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകി കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വാര്‍ സിങ് തന്‍വാർ രം​ഗത്തെത്തി. ജനവിധി അനുകൂലമാക്കുന്നതിനുവേണ്ടി എസ്പി-ബിഎസ്പി സഖ്യം ആളുകളെ ബുര്‍ഖ ധരിപ്പിച്ച് കളളവോട്ട് ചെയ്യിപ്പിക്കുകയാണെന്ന് തന്‍വാര്‍ ആരോപിച്ചു.

വോട്ട് ചെയ്യാൻ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി എംഎല്‍എ മഹേന്ദ്ര സിങ് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അറിയിക്കുകയായിരുന്നു. വോട്ടർമാരെ തിരച്ചറിഞ്ഞതിന് ശേഷമാണ് അവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതെന്നും ഓഫീസർ കൂട്ടിച്ചേർത്തു. നേരത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും സമാനമായ ആരോപണം ഉന്നയിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

തമിഴ്നാടും കർണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള തമിഴ്‌നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും. അതേസമയം, കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബീഹാര്‍ (അഞ്ച്), ഒഡീഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.