മം​ഗളൂരു: രാജ്യമെങ്ങും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പൗരൻമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കനത്ത ചൂടിലും ക്യൂ നിൽക്കുകയാണ്. ചിലർ വോട്ട് ചെയ്യാൻ വിദേശത്തെ ജോലി പോലും ഉപേക്ഷിച്ച് നാട്ടിലെത്തി. ഇത്തരത്തിൽ തന്റെ കടമ നിർവ്വഹിക്കുന്നതിന് ബസ് നിർത്തിയിട്ട് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് ഓടിപ്പോയ ഒരു ഡ്രൈവറാണ് വാർത്തകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. 

ഉടുപ്പി ജില്ലയിലെ കുക്കഡെലു സ്വദേശിയായ വിജയ് ഷെട്ടിയാണ് യാത്രക്കാരെയുംകൊണ്ട് പോകുന്ന ബസ് നിർത്തിയിട്ട് വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോയത്. മം​ഗളൂരു- ശിവ്മോ​ഗ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് വിജയ് ഷെട്ടി. ഓടുന്നതിനിടെ ഒരു വശത്തായി ബസ് ഒതുക്കി നിർത്തുന്നത് കണ്ടപ്പോൾ യാത്രക്കാർ അമ്പരന്നു. 

പെട്ടെന്ന് ബസ്സിൽനിന്ന് ഡ്രൈവർ പുറത്തേക്കിറങ്ങുകയും ഓടി തൊട്ട് മുന്നിലുള്ള പോളിങ് ബൂത്തിലേക്ക് ക​യറുകയും ചെയ്തു. കുറച്ച് സമയതിനുശേഷം വിരലിൽ മഷിയടയാളവുമായാണ് ഡ്രൈവർ പുറത്തേക്ക് വന്നതെന്ന് യാത്രക്കാർ പറഞ്ഞു. ബലുവായ് പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വിജയ് പോയത്. അദ്ദേഹം വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ‌ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.