ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് നിര്‍ണായകമായ നാല് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഭരണം പിടിക്കാന്‍ നാല് മണ്ഡലങ്ങളിലേയും വിജയം ഡിഎംകെയ്ക്ക് അനിവാര്യമാണ്. പതിമൂന്ന് ബൂത്തുകളിൽ റീപോളിംഗും രാവിലെ ആരംഭിച്ചു.

ഭരണമാറ്റത്തിന് ഒരു വോട്ട് എന്നായിരുന്നു ഡിഎംകെയുടെ പ്രചാരണം. നേരത്തെ വോട്ടെടുപ്പ് നടന്ന 18 സീറ്റുകളില്‍ മുന്‍തൂക്കം ലഭിച്ചെന്നാണ് ഡ‍ിഎംകെ വിലയിരുത്തല്‍. 22ല്‍ 21സീറ്റും വിജയിക്കണമെന്നിരിക്കേ കനിമൊഴിയെ അടക്കം മുതിര്‍ന്ന നേതാക്കളുടെ പടയെ തന്നെ കളത്തിലിറക്കിയിരുന്നു. പത്ത് സീറ്റുകളെങ്കിലും ജയിക്കേണ്ട സ്ഥിതിയിലാണ് അണ്ണാ ഡിഎംകെ. നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന 18 ല്‍ നിന്ന് പത്ത് സീറ്റ് ലഭിക്കുമോ എന്ന ആശങ്ക ഇപിഎസ് ഒപിഎസ് ക്യാമ്പിനുണ്ട്. 

കമല്‍ഹാസന്‍റെ ഗോഡ്സെ പരാമര്‍ശവും പ്രതിഷേധങ്ങളും അരങ്ങേറിയ അരവാക്കുറിച്ചിയിലാണ് ശക്തമായ മത്സരം. മുന്‍ മന്ത്രി സെന്തില്‍ ബാലാജിയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. ഒറ്റപ്പിടാരത്തും തിരുപ്പറന്‍കുണ്ട്രത്തും ദിനകരപക്ഷം പിടിക്കുന്ന വോട്ടുകള്‍ തിരിച്ചടിയാകുമോ എന്ന് അണ്ണാഡിഎംകെയും ഡിഎംകെയും ഭയക്കുന്നു. പിഎംകെ നേതാക്കള്‍ കള്ളവോട്ട് ചെയ്ത ധര്‍മ്മപുരിയിലടക്കമാണ് റീ പോളിംഗ്. പിഎംകെയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലയിലെ റീപോളിങ്ങ് ബിജെപിയും അണ്ണാഡിഎംകെയും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.