അക്രമിച്ചത് മൂന്ന് പേരുടെ സംഘമെന്ന് സിഒടി നസീറിന്‍റെ മൊഴി. സിഒടി നസീറിന്‍റെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തി. 

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്‍കി. ഇന്നലെ വെട്ടേറ്റ നസീര്‍ അപകട നില തരണം ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നസീര്‍.

ആക്രമിച്ചത് മുൻപരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നാണ് നസീറിന്‍റെ മൊഴി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്. നസീര്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും കുറ്റപ്പെടുത്തി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.