ദില്ലി: ഒരാഴ്ചയിലേറെയായി നീളുന്ന രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ ഒടുവില്‍ തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകരുടേയും സഖ്യകക്ഷികളുടേയും ആവശ്യ പ്രകാരം രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന് എ കെ ആന്റണിയാണ് ദില്ലിയില്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ ആഘോഷത്തിലായി വയനാട്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ക്ക് കാത്തിരിപ്പില്‍ നിരാശയില്ലെന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എ കെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു എ കെ ആന്റണിയുടെ വാക്കുകൾ . 

നിര്‍ണ്ണായക കൂടിയാലോചനകളാണ് ദില്ലിയിൽ ഇന്ന് രാവിലെ മുതൽ നടന്നത്.  രാഹുൽ വയനാട്ടിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷൻ മനസ് തുറന്നിരുന്നില്ല. നിര്‍ണ്ണായക തീരുമാനത്തിന് മുൻപ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും എകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. അഹമ്മദ് പട്ടേലും കൂടിയാലോചനകളിൽ പങ്കെടുത്തിരുന്നു. 

 ഇപ്പോൾ തന്നെ സ്ഥാനാര്‍ത്ഥിത്വം വളരെ വൈകിയെന്ന വികാരമാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതൃത്വത്തിന് ആകെയും ഉണ്ടായിരുന്നത്. അതൃപ്തി നേരിട്ട് ലീഗ് നേതൃത്വം ഹൈക്കമാന്‍റിനെ അറിയിക്കുകയും ചെയ്തിരുന്നു. വലിയ മനോവിഷമമുണ്ടെന്നും തീരുമാനം വൈകരുതെന്നും ഇന്ന് രാവിലെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 


രാഹുൽ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതിൽ വലിയ ആവേശമാണ് ഇപ്പോൾ കോൺഗ്രസ് യുഡിഎഫ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തിൽ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനം എടുത്തത്. 

അമേഠിക്ക് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ നിന്നും സ്ഥാനാര്‍ത്ഥിയാകാനുള്ള രാഹുലിന്‍റെ തീരുമാനം ബിജെപിയും വലിയ വിമര്‍ശനത്തോടെയാണ് നേരിട്ടിരുന്നത്. അമേഠിയിൽ നിന്ന് പരാജയ ഭീതികൊണ്ട് രാഹുൽ പേടിച്ചോടുന്നു എന്ന വിമര്‍ശനത്തെ ബിജെപി നേതാക്കൾ പ്രത്യേകിച്ച് നരേന്ദ്ര മോദിവരെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയ മുന്നനുഭവങ്ങൾ ഓര്‍മ്മിപ്പിച്ച് രാഹുൽ ഗാന്ധി പ്രതിരോധിക്കുകയും ചെയ്തിരുന്നു.