‘ഞാന്‍ തന്നെ നാളെക്കണ്ടോളാം, താനെന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്’ എന്നായിരുന്നു സുരേഷ് അവസ്തിയുടെ ഭീഷണി. സർക്കിൾ ഓഫീസറെ ഭീഷണിപ്പെടുത്തുന്ന നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

കാൺപൂർ: വോട്ടെടുപ്പിനിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പായ ഇന്നലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി നേതാവ് സുരേഷ് അവസ്തിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

‘ഞാന്‍ തന്നെ നാളെ കണ്ടോളം, താനെന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്’ എന്നായിരുന്നു സുരേഷ് അവസ്തിയുടെ ഭീഷണി. സർക്കിൾ ഓഫീസറെ ഭീഷണിപ്പെടുത്തുന്ന നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ കണ്ണിൽ നോക്കരുതെന്ന് പറഞ്ഞ നേതാവിനോട് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ ചെയ്യാമെന്നായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥന്റെ മറുപടി.

കാൺപൂരിലെ ബൂത്തിൽ ഒരു പോളിങ് ഏജന്റ് തെറ്റായ സ്ഥാനത്ത് ഇരിക്കുന്നത് പൊലീസുകാരൻ തടഞ്ഞതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഏജന്റിനോട് മാറിയിരിക്കാൻ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് അവസ്തി പൊലീസുകാരനോട് കയർക്കുകയായിരുന്നു.

Scroll to load tweet…

അതേസമയം സംഭവസ്ഥലത്ത് മേയര്‍ പ്രമീളാ പാണ്ഡെയും ചില ബിജെപി നേതാക്കളുമുണ്ടായിരുന്നു. അവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സുരേഷ് അവസ്തി അതിന് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് നേതാവിനെതിരെ പൊലീസ് കേസെടുത്തത്.