സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

കണ്ണൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ലംഘിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പേരിൽ ഇറങ്ങിയ പരസ്യത്തിലെ സ്ത്രീവിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തിയ കെ സുധാകരന്‍റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് വ്യക്തമാക്കിയ ജില്ലാ കളക്ടര്‍ സുധാകരന് നോട്ടീസും അയച്ചിരുന്നു.

വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെന്‍റിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫേസ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. ഈ വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതുരംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.