അമരാവതി: ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകം. വൈഎസ്ആർ കോൺഗ്രസിന്‍റെയും ടിഡിപിയുടെ പ്രവർത്തകർ മിക്കയിടങ്ങളിലും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുണ്ടൂരിൽ പോളിങ് ബൂത്ത് തകർന്നു. അനന്ത്പൂരിൽ ജനസേന സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന്  പോളിങ് തടസ്സപ്പെട്ട 30 ശതമാനം ബൂത്തുകളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റീ പോളിങ് ആവശ്യപ്പെട്ടു. ആന്ധ്രയിൽ 362 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
 
25 ലോക്സഭാ സീറ്റുകൾക്കൊപ്പം 175 അംഗ ആന്ധ്ര നിയമസഭയിലേക്കും പോളിങ് തുടരുകയാണ്. വീറും വാശിയും നിറഞ്ഞ പ്രചാരണം പോളിങ് ബൂത്തുകളിലും പ്രതിഫലിക്കുന്നു. നഗരമേഖലകളിലടക്കം ഭേദപ്പെട്ട പോളിംഗ്. എന്നാൽ വൈെസ്ആർ കോൺഗ്രസും ടിഡിപിയും തമ്മിൽ പ്രചാരണകാലത്ത് പതിവായ സംഘർഷം പോളിങ് ദിനവും തുടർന്നു.  ഗുണ്ടൂരിലെ നരസറാവു പേട്ടിൽ നൂറാം നമ്പർ ബൂത്ത് ഏറ്റുമുട്ടലിൽ തകർന്നു.ഇവിടെ പോളിങ് തടസ്സപ്പെട്ടു.
 
വെസ്റ്റ്ഗോദാവരിയിലാണ് പോളിങ് ബൂത്തിന് പുറത്തുവച്ച് വൈെഎസ്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റത്. വോട്ടിങ് യന്ത്രങ്ങൾ മിക്ക മണ്ഡലങ്ങളിലും പണിമുടക്കി. നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളുടെ പേരുകൾ വ്യക്തമാകുന്നില്ലെന്ന് ആരോപിച്ചാണ് അനന്ത്പൂരിലെ ഗുട്ടി നിയമസഭാ സീറ്റിലെ ജനസേന സ്ഥാനാർത്ഥി മധുസൂദൻ ഗുപ്ത വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചത്.
 
ഇയാളെ പിന്നീട് അറസ്റ്റുചെയ്ത് നീക്കി. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് രാവിലെ ഒമ്പതരക്ക് പോലും പോളിങ് തുടങ്ങാൻ കഴിയാതിരുന്ന 30 ശതമാനം ബൂത്തുകളിലാണ് ചന്ദ്രബാബു നായിഡു റീ പോളിങ് ആവശ്യപ്പെട്ടത്. ബൂത്തുകളുടെ പട്ടികയടങ്ങുന്ന കത്ത് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. തങ്ങൾക്ക് ചെയ്യുന്ന വോട്ടുകൾ വൈഎസ്ആർ കോൺഗ്രസിന് പോകുന്നുവെന്ന ആരോപണവും ടിഡിപി ഉന്നയിച്ചു.
 
പൊലീസിനെ ഉപയോഗിച്ചും ബൂത്തുകൾ പിടിച്ചെടുക്കുകയാണ് ടിഡിപിയെന്നാണ് വൈഎസ്ആർ കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. സമാധാനപരമായാണ് തെലങ്കാനയിലെ പോളിങ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തെന്ന പരാതി ഉയരുന്നുണ്ട്.