Asianet News MalayalamAsianet News Malayalam

മധ്യകേരളം ഇടത്തോട്ടോ വലത്തോട്ടോ? അടിയൊഴുക്കുകൾ ആരെ തുണയ്ക്കും?

മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി നേടുന്ന വോട്ടുകൾ ഇടത് വലത് സ്ഥാനാർത്ഥികളുടെ ജയാപജയങ്ങളിൽ നിർണായകമാകും. സാമുദായിക അടിയൊഴുക്കുകളായിരിക്കും മധ്യകേരളത്തിലെ മിക്ക മണ്ഡലങ്ങളിലും വിധി നിർണ്ണയിക്കുക.

central kerala voting pattern trends
Author
Kochi, First Published Apr 24, 2019, 11:00 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: ഉയർന്ന പോളിങ് ശതമാനം ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് മധ്യകേരളത്തിലെ മണ്ഡലങ്ങൾ. വോട്ടിംഗ് ശതമാനം ഉയർന്നപ്പോഴൊക്കെ ജയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. എന്നാൽ പഴയ സ്ഥിതിയല്ല ഇപ്പോഴത്തേതെന്നാണ് എൽഡിഎഫിന്‍റെ നിലപാട്. തൃശൂരിലടക്കം പല മണ്ഡലങ്ങളിലും ബിജെപി നേടുന്ന വോട്ടുകൾ ഇടത് വലത് സ്ഥാനാർത്ഥികളുടെ ജയാപജയങ്ങളിൽ നിർണായകമാകും.

ഇടുക്കിയിൽ കണക്കുകൂട്ടി ഇടതും വലതും

central kerala voting pattern trends

കടുത്ത മൽസരം നടന്ന ഇടുക്കിയിൽ 76. 27 ആണ് ഇത്തവണ പോളിംഗ് ശതമാനം. 2014നേക്കാൾ ആറ് ശതമാനം കൂടുതലാണിത്. 75 ശതമാനത്തിനപ്പുറം പോളിംഗ് ഉയർന്നപ്പോഴൊക്കം ഒരു ലക്ഷത്തിനുമുകളിൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ചരിത്രമാണ് ഇടുക്കിയിൽ യുഡിഎഫിന്‍റേത്. കഴിഞ്ഞ തവണ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷം പിടിച്ചെടുത്ത മണ്ഡലമാണ് ഇടുക്കി. കഴിഞ്ഞ തവണ ഏറ്റുമുട്ടിയ ജോയ്സ് ജോർജും ഡീൻ കുര്യാക്കോസും തന്നെ വീണ്ടും കളത്തിലിറങ്ങിയപ്പോൾ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. 71 ശതമാനത്തിന് മുകളിൽ എത്തിയപ്പോഴൊക്കെ യുഡിഎഫ് ജയിച്ചിട്ടുണ്ട് എന്നാണ് ചരിത്രം. ഹൈന്ദവ വോട്ടുകളിൽ ഒരു വിഭാഗവും ഇക്കുറി യുഡിഎഫിന് പോയിട്ടുണ്ട്. എന്നാൽ കോതമംഗലത്തും ഉടുമ്പൻചോലയിലും പോളിംഗ് ശതമാനം ഉയർന്നത് അനുകൂലമാകുമെന്ന് ഇടതുപക്ഷം കരുതുന്നു.

തൃശ്ശൂരിൽ ബിജെപി പിടിക്കുന്ന വോട്ട് നിർണ്ണായകം

central kerala voting pattern trends

ത്രികോണ മൽസരം നടന്ന തൃശൂരിൽ കൂട്ടിയിട്ടും കിഴിച്ചിട്ടും ഉത്തരം കിട്ടാത്ത അവസ്ഥയിലാണ് മുന്നണികൾ. ആറുശതമാനമാണ് തൃശ്ശൂരിലെ പോളിംഗ് വർദ്ധിച്ചത്. സുരേഷ് ഗോപിയുടെ താരപ്രഭാവം വോട്ടായി മാറിയോ എന്ന് വോട്ടിംഗ് മെഷീൻ തുറക്കുംവരെ കാത്തിരിക്കണം. എങ്കിലും നഗരമേഖലയിലടക്കം ബിജെപി വൻ തോതിൽ വോട്ടുകൾ നേടിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിൽ വലിയ ഭിന്നിപ്പ് ഉണ്ടായിട്ടുണ്ടെന്നും കരുതുന്നു. അതുകൊണ്ട് വ്യക്തമായ ആത്മവിശ്വാസം മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നില്ല. ചാലക്കുടി  മണ്ഡലത്തിൽ പെരുമ്പാവൂർ, ആലുവ, കുന്നത്തുനാട്, അങ്കമാലി മേഖലകളിൽ വോട്ടിംഗ് ഉയർന്നതിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാൽ യാക്കോബായ സഭയ്ക്ക് സ്വാധീനമുള്ള ഈ മേഖലകളിൽ സഭയുടെ പിന്തുണ വഴി വോട്ട് തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു.

ഇടതുപക്ഷം എറണാകുളം അട്ടിമറിക്കുമോ?

central kerala voting pattern trends

എറണാകുളത്ത് യുഡിഎഫ് ഭൂരിപക്ഷ മേഖലകളിലടക്കം പോളിങ് ഉയർന്നിട്ടുണ്ട്. വലിയ മത്സരമാണ് ഇക്കുറി എറണാകുളത്ത് നടന്നത്. നഗരത്തിലെയും തീരദേശത്തെയും കണക്കുകളിലാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ പി രാജീവ് വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും രാഷ്ട്രീയമായി കോൺഗ്രസിനുള്ള അടിത്തറ ഹൈബി ഈഡനെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ബിജെപി വോട്ടുകൾ നിർണായകമാകില്ലെന്ന് ഇരുമുന്നണികളും കണക്കുകൂട്ടുന്നു

മാവേലിക്കരയിൽ പിള്ള ഫാക്ടർ നിർണ്ണായകം

central kerala voting pattern trends

മൂന്നുശതമാനം പോളിങ് ഉയർന്ന മാവേലിക്കരയിൽ 50000 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ കേരളാ കോൺഗ്രസ് ബിക്ക് സ്വാധീനമുളള കൊല്ലം ജില്ലയിലെ കുന്നത്തൂർ, പത്തനാംപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ശതമാനം ഉയർന്നത് തുണയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ വിലയിരുത്തൽ. സിപിഎം സംഘടനാ സംവിധാനം പഴുതുകളടച്ച് പ്രവർത്തിക്കുകയും ചെയ്തു. ബിജെപി വോട്ടുകൾ ബിഡിജെഎസിന്‍റെ തഴവ സഹദേവന് തന്നെ വീണിട്ടുണ്ടോ എന്നതും പ്രധാനം. അതേസമയം രാഷ്ട്രീയമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന മാവേലിക്കരയിൽ നിന്ന് ഹാട്രിക് ജയം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കൊടിക്കുന്നിൽ സുരേഷ്.

കോട്ടയത്തെ ട്രൻഡുകൾ അവ്യക്തം, സങ്കീർണ്ണം

central kerala voting pattern trends

കോട്ടയത്ത് ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ വൈക്കത്ത് പോളിങ് ശതമാനം വർധിച്ചിട്ടുണ്ട്. പാലാ, പിറവം, കോട്ടയം, പുതുപ്പളളി മണ്ഡലങ്ങളിലാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥിയായ പി സി തോമസ് നേടുന്ന വോട്ടുകളും നിർണായകമാകും. കെ എം മാണിയുടെ ഓർമ്മയിലും ഒരു വിഭാഗം വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചേക്കാം. പക്ഷേ മുന്നണിയിലെ പടലപ്പിണക്കങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക യുഡിഎഫിനുണ്ട്.

ആലപ്പുഴയിലെ അടിയൊഴുക്ക് പ്രവചനാതീതം

central kerala voting pattern trends

ആലപ്പുഴയിൽ സ്ത്രീവോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയതും തീരദേശ മേഖലകളിലെ ഉയർന്ന പോളിങും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്‍റെ വാദം. മുസ്ലീം സമുദായത്തിന് പ്രാമുഖ്യമുളള മണ്ഡലം തങ്ങളെ പിന്തുണച്ചെന്നാണ് എൽഡിഎഫ് പറയുന്നത്. എ എം ആരിഫിന്‍റെ ഇമേജാണ് ഇടതുമുന്നണിയുടെ പ്രധാന പ്രതീക്ഷ. യുഡിഎഫിന്‍റെ രാഷ്ട്രീയ അടിത്തറയും ഷാനിമോൾ ഉസ്മാന്‍റെ സൗമ്യസാന്നിദ്ധ്യവും തുണയ്ക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. നിലവിലത്തെ നിലയിൽ ആലപ്പുഴയിലെ അടിയൊഴുക്കുകൾ തികച്ചും പ്രവചനാതീതമാണ്.

Follow Us:
Download App:
  • android
  • ios