Asianet News MalayalamAsianet News Malayalam

മോദിയുടെ പേരിലുള്ള വെബ് സിരീസിന്‍റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ നിര്‍ദേശം

ഇതുവരെ ഇറോസ് നൗ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. 

ceo asked to hold the telecast of modi web show of eros now
Author
Delhi, First Published Apr 20, 2019, 4:23 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.  ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന വെബ് ഷോയാണ് ഉടനെ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് സീരിസ് സംപ്രേക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ത‍ടഞ്ഞത്. 

പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് സീരിസിന്‍റെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഇതുവരെ ഇറോസ് നൗ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. 

പിഎം നരേന്ദ്രമോദി എന്ന പേരില്‍ മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്യുന്നത് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ പേരിലുള്ള വെബ് സീരിസും കമ്മീഷന്‍ തടയുന്നത്. മോദി സിനിമയുടെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios